സ്വര്‍ണക്കടത്ത് കേസ്: തെളിവുകള്‍ ഉടന്‍ ഹാജരാക്കാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടിവരുമെന്ന് കോടതി

കൊച്ചി: സ്വർണക്കടത്ത് കേസിലെ എഫ്.ഐ.ആറിൽ പറയുന്ന കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ അടിയന്തരമായി ഹാജരാക്കണമെന്ന് എൻ.ഐ.എ.യോട് വിചാരണ കോടതി ആവശ്യപ്പെട്ടു. അല്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമർശം.
എഫ്.ഐ.ആറിൽ പറയുന്ന കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ അടിയന്തരമായി ഹാജരാക്കണം. ഇത് ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകുമെന്നാണ് കോടതി വ്യക്തമാക്കിയത്. തെളിവുകൾ സംബന്ധിച്ച പരാമർശം നേരത്തേ തന്നെ കോടതി നടത്തിയിരുന്നു. അറസ്റ്റ് കഴിഞ്ഞ് ജാമ്യാപേക്ഷ കൊടുക്കുന്ന ഘട്ടത്തിലാണ് ഇതുസംബന്ധിച്ച് കോടതിയുടെ പരാമർശം വീണ്ടുമുണ്ടായത്.
സംഭവത്തിൽ കേസ് ഡയറി ഹാജരാക്കണമെന്നും എൻ.ഐ.എയോട് കോടതി ആവശ്യപ്പെട്ടു. സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും ഒരു പ്രത്യേക പട്ടിക നൽകണമെന്നാണ് കോടതിയുടെ നിർദേശം.