ചിത്രങ്ങളുടെ ഒ.ടി.ടി റിലീസ് തിയേറ്റർ റിലീസിന് 42 ദിവസത്തിനു ശേഷം മാത്രം

ഇനി മുതൽ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യാവൂ എന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. കൊച്ചിയിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. സിനിമകൾ സെൻസറിംഗിന് അയക്കണമെങ്കിൽ ഫിലിം ചേംബർ രജിസ്ട്രേഷൻ ആവശ്യമാണ്. പുതിയ മാനദണ്ഡം അംഗീകരിച്ച് അഫിഡവിറ്റ് നൽകുന്നവർക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കുകയുള്ളു.
ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബറിന്റെ തീരുമാനം. ചലച്ചിത്ര നിർമാണച്ചെലവ് കുറയ്ക്കാനായി കേരള ഫിലിം ചേംബറിലെ രജിസ്ട്രേഷൻ ഫീസ് 40 ശതമാനം കുറവ് വരുത്താനും തീരുമാനമായി. നിലവിലെ സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.