ജൂറി അറിയാതെ ന്യൂഡും സെക്സി ദുർഗയും ചലച്ചിത്ര മേളയിൽ നിന്ന് പുറത്ത്
ന്യൂഡൽഹി : ഗോവയിൽ നടക്കാനിരിക്കുന്ന 48ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നിന്ന് ജൂറിയറിയാതെ രണ്ട് ചിത്രങ്ങൾ ഒഴിവാക്കി. രവി ജാദവിന്റെ ന്യൂഡും സനൽ കുമാർ ശശിധരന്റെ എസ്. ദുർഗയെയുമാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം ഇടപെട്ട് ഒഴിവാക്കിയത്. നവംബർ 20 മുതൽ 28വരെ നടക്കാനിരിക്കുന്ന ചലച്ചിത്രമേളയിലെ ഇന്ത്യ പനോരമ എന്ന വിഭാഗത്തിൽ രണ്ട് ചിത്രങ്ങളും പ്രദർശിപ്പിക്കാനിരുന്നതായിരുന്നു. ഇവയടക്കം 24 ചിത്രങ്ങളാണ് 13 അംഗ ജൂറി തിരഞ്ഞെടുത്തത്. എന്നാൽ ചിത്രങ്ങൾ ഒഴിവാക്കപ്പെട്ട വിവരം താൻ അറിഞ്ഞില്ലെന്നും ഇതിലുള്ള നീരസം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ജൂറി അംഗമായ തിരക്കഥാകൃത്ത് അപൂർവ്വ അസ്രാനി പറഞ്ഞു.
സെക്സി ദുർഗ എന്ന ചിത്രം നേരത്തെ സെൻസർ ബോർഡ് ഇടപെട്ടാണ് എസ് ദുർഗ എന്നാക്കി മാറ്റിയത്. നഗ്ന മോഡലുകളായി ഉപജീവനം നടത്തുന്ന സ്ത്രീകളുടെ കഥയാണ് മറാഠി ചിത്രമായ ന്യൂഡ് പറയുന്നത്. ന്യൂഡിനെയായിരുന്നു ഉദ്ഘാടന ചിത്രമായി ജൂറി കണ്ടുവെച്ചിരുന്നത്. ന്യൂഡിന് പകരം വിനോദ് കാപ്രിയുടെ പിഹുവാകും ഇനി ഉദ്ഘാടന ചിത്രം. എസ് ദുർഗയാവട്ടെ നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയതാണ്. ജോളി എൽ. എൽ.ബി, ന്യൂട്ടൺ, ബാഹുബലി 2, വെന്റിലേറ്റർ തുടങ്ങിയ മുഖ്യധാര ചിത്രങ്ങൾ സുജോയ് ഘോഷ് അദ്ധ്യക്ഷനായ ജൂറി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമാണ് പട്ടികയിലുള്ള മലയാള ചിത്രം.


