പ്രശസ്ത ചലച്ചിത്ര മേക്കപ്പ് ആർട്ടിസ്റ്റ് പാണ്ഡ്യൻ അന്തരിച്ചു; ചമയമണിയിച്ചത് അഞ്ഞൂറോളം ചിത്രങ്ങൾക്ക്
ശാരിക
ചെന്നൈ: പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ അദ്ദേഹം ചമയക്കലാകാരനായി പ്രവർത്തിച്ചിട്ടുണ്ട്. 2001-ൽ 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. എൻ.ടി. രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ദക്ഷിണേന്ത്യൻ സിനിമയിലെ ഒട്ടേറെ പ്രമുഖ താരങ്ങൾക്ക് അദ്ദേഹം മേക്കപ്പ് ചെയ്തു.
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ 'ഹൃദയപൂർവം' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. സത്യൻ അന്തിക്കാടിന്റെ കന്നി ചിത്രമായ 'കുറുക്കന്റെ കല്യാണം' മുതൽ പാണ്ഡ്യനായിരുന്നു സ്ഥിരം മേക്കപ്പ്മാൻ. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് പാണ്ഡ്യൻ വിശ്രമത്തിലായിരുന്ന സമയത്ത്, അദ്ദേഹം സുഖം പ്രാപിക്കുന്നത് വരെ 'മനസ്സിനക്കരെ' എന്ന സിനിമയുടെ ഷൂട്ടിംഗ് സത്യൻ അന്തിക്കാട് നീട്ടിവെച്ചത് ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1968-ൽ അനശ്വര നടൻ സത്യന്റെ മേക്കപ്പ്മാനായിരുന്ന കൃഷ്ണരാജിന്റെ സഹായിയായി പതിനാറാം വയസ്സിലാണ് പാണ്ഡ്യൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് കെ.വി. ഭാസ്കരൻ, എം.ഒ. ദേവസ്യ, ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ ചമയ കലാകാരന്മാരുടെ സഹായിയായി പ്രവർത്തിച്ചു. 1972-ൽ ജെ. വില്യംസ് സംവിധാനം ചെയ്ത 'മദാലസ' എന്ന ചിത്രത്തിലൂടെയാണ് പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പ്മാനാകുന്നത്.
ലക്ഷ്മിയാണ് ഭാര്യ. അനിത, തന്നുയ എന്നിവർ മക്കളാണ്. സംസ്കാരം വൈകുന്നേരം നാലിന് ചെന്നൈയിൽ നടക്കും.
േ്േ്

