സഹായവുമായി സന്തോഷ് പണ്ഡിറ്റ് കോളനിയിലെത്തി
ജാതീയ വിവേചനത്തിന്റേയും വികസനം ഇല്ലായ്മയുടേയും പേരിൽ വാർത്തകളിൽ നിറഞ്ഞ പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനി വാസികൾക്ക് സന്തോഷ് പണ്ഡിറ്റിന്റെ ധനസഹായം. തന്റെ രണ്ട് പുതിയ സിനിമകളിലെ പ്രതിഫലത്തിന്റെ ഒരു വിഹിതം അദ്ദേഹം കോളനിക്കാർക്ക് നൽകി. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റർ പീസ് എന്ന സിനിമയിൽ ലഭിച്ച പ്രതിഫലത്തിന്റെ പാതി ഭാഗവും അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് സിനിമയിലെ പ്രതിഫലവും കൊണ്ടാണ് അദ്ദേഹം കോളനിയിലെ പാവപ്പെട്ടവരെ സഹായിച്ചതെന്നാണ് വിവരം. തന്നാൽ കഴിയുന്ന സഹായങ്ങൾ നൽകാനാണ് എത്തിയതെന്നും ഭാവിയിലും സഹായങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകിയതായും സന്തോഷ് പണ്ധിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. അവിടുത്തെ ജനങ്ങൾ വളരെ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു ചോർച്ചയുള്ള വീടുകളിൽ ജീവിക്കുന്നു. തനിക്ക് കൂടുതലായി ഒന്നും ചെയ്യുവാൻ പറ്റിയില്ല. കുറച്ചു ദിവസത്തേക്കുള്ള ആഹാര സാധനങ്ങളും സ്കൂൾ കുട്ടികൾക്കായി ബുക്കുകളും ഫീസ് നൽകാൻ വേണ്ട സഹായവും നൽകിയതായി അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ പഠിപ്പിക്കാൻ സ്പോൺസർമാരെ കണ്ടെത്താമെന്ന് വാക്കു കൊടുത്തു. കുറച്ചു ആഴ്ചകൾക്ക് ശേഷം വീണ്ടും കൂടുതൽ സഹായങ്ങളുമായി ചെല്ലുവാൻ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ അട്ടപ്പാടി മേഖലയിൽ ഓണം സീസണിൽ കുറച്ചു കുടുംബങ്ങൾക്ക്‍ അരിയും ഭക്ഷണ സാധനങ്ങളും നേരിട്ടെത്തിച്ച് പണ്ഡിറ്റ് ജനശ്രദ്ധയാകർഷിച്ചിരുന്നു.

