കൊച്ചി മെട്രോ തൊഴിലാളികളെ ആദരിച്ച് ദക്ഷിണ നല്‍കി കെഎംആര്‍എൽ


കൊച്ചി : കൊച്ചി മെട്രോയ്ക്കു വേണ്ടി രാവും പകലുമില്ലാതെ വിയര്‍പ്പൊഴുക്കിയവരെ ആദരിച്ച് ദക്ഷിണ നല്‍കി കെഎംആര്‍എൽ. തൊഴിലാളികള്‍ക്ക് സദ്യ നല്‍കിയാണ് മെട്രോ തൊഴിലാളികളോടുള്ള സ്‌നേഹവും ആദരവും അധികൃതര്‍ പ്രകടിപ്പിച്ചത്. ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പായാണ് കൊച്ചി മെട്രോയ്ക്ക് ജീവന്‍ നല്‍കാന്‍ പ്രയത്‌നിച്ചവരെ കെഎംആര്‍എൽ ആദരിച്ചത്.

ആലുവ മുതല്‍ പാലാരിവെട്ടം വരെ മെട്രോയ്ക്കായി രാവും പകലും പണിയെടുത്ത 800ഓളം തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കെഎംആര്‍എല്‍ ആദരവ് നല്‍കിയത്. എറണാകുളം എസ്എസ് വിദ്യാമന്ദിറില്‍ ഗംഭീര സദ്യയുള്‍പ്പടെയായിരുന്നു ചടങ്ങ്. കൊച്ചി മെട്രോയുടെ വലിയ കട്ടൗട്ടും വേദിയില്‍ ഒരുക്കിയിരുന്നു. കൂടാതെ തൊഴിലാളികള്‍ക്ക്‌ തങ്ങളുടെ സന്ദേശമെഴുതാനായി ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇതില്‍ തങ്ങളുടെ പേരും കൈയൊപ്പും ചാര്‍ത്തി തൊഴിലാളികള്‍ തങ്ങള്‍ക്കു നല്‍കിയ ആദരവിനു നന്ദിയര്‍പ്പിച്ചു.

ബംഗാള്‍, ഹരിയാന, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കരാര്‍ തൊഴിലാളികളാണ് മെട്രോ പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെട്രോ ആദ്യ ഘട്ട പൂര്‍ത്തീകരണത്തിനുള്ള നന്ദിയും കടപ്പാടും അറിയിക്കാനാണ് ഇത്തരത്തിലുള്ളൊരു ചടങ്ങ് നടത്തിയതെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. ഡയറക്ടര്‍മാരായ തിരുമണ്‍, അര്‍ജുനന്‍, എബ്രഹാം ഉമ്മന്‍, ജനറല്‍ മാനേജര്‍മാരായ ചന്ദ്രബാബു, രേഖ, ജോയിന്റ്‌ ജനറല്‍ മാനേജര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്നിവരും തൊഴിലാളികള്‍ക്കൊപ്പം സദ്യയുണ്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed