രാവണന് ഹീറോ പരിവേഷം, രാമൻ സാധാരണക്കാരനും; 'രാമായണ' രണ്ടാം ഭാഗത്തിൽ രാമൻ വില്ലനാകുമോ എന്ന് നിതീഷ് ഭരദ്വാജ്
ഷീബ വിജയൻ
മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായ ‘രാമായണ’ എന്ന ചിത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി നടൻ നിതീഷ് ഭരദ്വാജ് വീണ്ടും രംഗത്തെത്തി. ചിത്രത്തെ ഒരു 'അജണ്ട'യെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാവണനെ നായകനായി ഉയർത്തിക്കാട്ടുകയും ശ്രീരാമനെ കേവലമൊരു സാധാരണ മനുഷ്യനായി ചുരുക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. ചിത്രത്തിന്റെ നിർമാണത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം വേണമെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
'മഹാഭാരത്' പരമ്പരയിൽ ശ്രീകൃഷ്ണനായി വേഷമിട്ട നിതീഷ് ഭരദ്വാജ്, നേരത്തെ 'രാമായണ'യുടെ ട്രെയിലർ കണ്ട് ചിത്രത്തിന്റെ സാങ്കേതിക മികവിനെയും ഹാൻസ് സിമ്മർ-എ.ആർ. റഹ്മാൻ സംഗീതത്തെയും പ്രശംസിക്കുകയും ഓസ്കർ പുരസ്കാരം വരെ പ്രവചിക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിമ കണ്ടതോടെ തന്റെ നിലപാട് മാറ്റിയ അദ്ദേഹം മുൻപ് പങ്കുവെച്ച പ്രശംസകൾ പിൻവലിക്കുകയായിരുന്നു.
ശ്രീരാമനെ ഭാവങ്ങളില്ലാത്ത ഒരു സാധാരണ മനുഷ്യനായി ചിത്രീകരിച്ചതിനോടാണ് നിതീഷിന്റെ പ്രധാന വിയോജിപ്പ്. മര്യാദയാണ് ശ്രീരാമന്റെ അടിസ്ഥാനമൂല്യമെന്നും അയോധ്യയിൽ നിന്ന് കണ്ണീരോടെ രാമൻ മടങ്ങുന്ന രംഗം ഇക്ഷ്വാകു വംശത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
യാഷ് അവതരിപ്പിച്ച രാവണന്റെ നെഗറ്റീവ് സ്വഭാവങ്ങൾ കാണിക്കാതെ പുരോഗമനവാദിയായ ഭരണാധികാരിയായും കീഴാളരായ അസുരന്മാരെ സംരക്ഷിക്കുന്ന മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് നേതാവിനെപ്പോലെയുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ തലമുറയുടെ കാഴ്ചപ്പാടിൽ രാവണൻ ഒരു 'കൂൾ ഡൂഡ്' ആണെന്നും യുവതലമുറ അദ്ദേഹത്തെ ഹീറോയായി ആരാധിക്കാൻ സാധ്യതയുണ്ടെന്നും നിതീഷ് ആശങ്കപ്പെട്ടു. അങ്ങനെയെങ്കിൽ രണ്ടാം ഭാഗത്തിൽ രാവണനെ പരാജയപ്പെടുത്തുന്ന ശ്രീരാമനെ വില്ലനായല്ലേ ആളുകൾ കാണുകയെന്നും, വില്ലനെ നായകനും നായകനെ വില്ലനുമാക്കി ചരിത്രം തിരിച്ചെഴുതുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ലക്സംബർഗ്, യുഎഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിർമാണ കമ്പനിക്ക് പണം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സർക്കാർ പരിശോധിക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു. സിനിമയിലൂടെ ഇന്ത്യൻ സംസ്കാരത്തെ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2028-ലെ ദീപാവലി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
cvxdsdsds


