‘കത്തുന്ന തീ ഉള്ളിലടക്കി പുറത്ത് ചിരിക്കാൻ പഠിച്ചു’: നവാസ് ഓർമ്മയായ ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി രഹ്ന
ഷീബ വിജയൻ
ആലുവ: നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് പെട്ടെന്നൊരു ദിവസം നമ്മെ വിട്ടുപിരിഞ്ഞത് മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. അദ്ദേഹം സൃഷ്ടിച്ച ശൂന്യതയിൽ നെഞ്ച് പിടഞ്ഞുകഴിയുകയാണ് കുടുംബം. പ്രിയതമൻ വിട്ടുപിരിഞ്ഞതിന്റെ വേദന ഉള്ളിലടക്കി സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് നവാസിന്റെ ഭാര്യയും നടിയുമായ രഹ്ന നവാസ്. മഞ്ജു വാര്യർ നായികയാകുന്ന 'ഹാപ്പി ലൂപ്പ്' എന്ന ചിത്രത്തിലാണ് രഹ്ന അഭിനയിച്ചത്.
''ഉള്ളതിലെ കത്തുന്ന തീ അടക്കി വെച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വെച്ച് പെർഫോം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്. എനിക്ക് വർക്ക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകൻ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷെ അവർ എല്ലാരും വളരെയധികം എന്നെ സപ്പോർട്ട് ചെയ്തു. ഈ ക്യാരക്ടർ ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. നവാസിക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ ഓൾ ക്രൂവിനും എന്റെ നന്ദി അറിയിക്കുന്നു'' രഹ്ന കുറിക്കുന്നു.
നിരവധി പേരാണ് രഹ്നക്ക് പിന്തുണയുമായി എത്തിയത്. നവാസ് എപ്പോഴും കൂടെയുണ്ടെന്നും സ്ട്രോങ്ങായിരിക്കണമെന്നും ആരാധകർ കമന്റ് ചെയ്തു.
വിവാഹത്തിന് ശേഷം സിനിമക്ക് ഇടവേള നൽകിയ രഹ്ന 1997ൽ ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടർന്ന് കാരുണ്യം, താലോലം, കുടുംബവാർത്തകൾ തുടങ്ങി 11ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങൾക്ക് ശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാപ്പി ലൂപ്പ്'. മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ ആഷിഖ് ഐമറാണ്.
erdfdffgdf

