ഇന്ത്യയിൽ 22 യൂട്യൂബ് ചാനലുകൾ‍ക്ക് കൂടി നിരോധനം


22 യൂട്യൂബ് ചാനലുകൾ‍ക്ക് കൂടി നിരോധനം ഏർ‍പ്പെടുത്തി കേന്ദ്ര വാർ‍ത്താ വിനിമയ മന്ത്രാലയം. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ‍ വ്യാജവാർ‍ത്തകൾ‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് നടപടി. നിരോധിച്ചവയിൽ‍ നാല് ചാനലുകൾ‍ പാകിസ്താൻ കേന്ദ്രമാക്കി പ്രവർ‍ത്തിക്കുന്നതാണ്. മറ്റ് 18 ചാനലുകൾ‍ രാജ്യത്ത് തന്നെ പ്രവർ‍ത്തിക്കുന്നവയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ‍ പുതിയ ഐടി നിയമങ്ങൾ‍ നിലവിൽ‍ വന്നതിന് പിന്നാലെ ഇതാദ്യമായാണ് ഇന്ത്യയിൽ‍ തന്നെ പ്രവർ‍ത്തിക്കുന്ന ചാനലുകൾ‍ക്ക് വിലക്ക് ഏർ‍പ്പെടുത്തുന്നത്. 

മൂന്ന് ട്വിറ്റർ‍ അക്കൗണ്ടുകൾ‍ക്കും ഒരു ഫേസ്ബുക്ക് അക്കൗണ്ടിനും നിരോധനം ഏർ‍പ്പെടുത്തിയിട്ടുണ്ട്. കശ്മീരിനെക്കുറിച്ചും ഇന്ത്യൻ സേനയെക്കുറിച്ചും ഈ ചാനലുകൾ‍ വ്യാജ വാർ‍ത്ത പ്രചരിപ്പിക്കുന്നതായി വാർ‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു. ഇവയിൽ‍ ചില ചാനലുകൾ‍ യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് വ്യാജവാർ‍ത്തകൾ‍ നൽ‍കുകയും ഇന്ത്യയുടെ മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടുന്ന രീതിയിൽ‍ വാർ‍ത്തകൾ‍ നൽ‍കുന്നുവെന്നും വിജ്ഞാപനത്തിൽ‍ ചൂണ്ടിക്കാട്ടുന്നു. 

ഈ യൂട്യൂബ് ചാനലുകൾ‍ ചില ടിവി ചാനലുകളുടെ ലോഗോ ദുരുപയോഗപ്പെടുത്തുന്നതായും അവതാരകരുടെ ചിത്രങ്ങൾ‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ‍ ഉപയോഗിക്കുന്നതായും മന്ത്രാലയം അറിയിക്കുന്നു. 2021 ഡിസംബർ‍ മുതൽ‍ ഇതുവരെ 78 യൂട്യൂബ് ചാനലുകൾ‍ ഇന്ത്യയിൽ‍ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയാണ് എല്ലാ തവണയും നിരോധനത്തിന് കാരണമായി മന്ത്രാലയം അറിയിച്ചത്. മാർ‍ച്ച് 7 വരെ 1,000 ലേറെ യുആർ‍എല്ലുകൾ‍ക്ക് പ്രവർ‍ത്തന വിലക്ക് ഏർ‍പ്പെടുത്താൻ നോട്ടീസ് നൽ‍കിക്കഴിഞ്ഞുവെന്ന് മന്ത്രാലയം പാർ‍ലിമെന്ററി സ്ഥിരം സമിതിയെ അറിയിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed