1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി


കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 119 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 2015 മുതല്‍ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടന്നത്.

റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് യൂറോളജി വിഭാഗത്തില്‍ മാത്രം 765 ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍ ഗൈനക്കോളജിയില്‍ 175-ലേറെ ശസ്ത്രക്രിയകള്‍ നടന്നു. ബാക്കി ശസ്ത്രക്രിയകള്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഓങ്കോളജി, ലിവര്‍ കെയര്‍ വിഭാഗങ്ങളിലായാണ് നടന്നത്.

സങ്കീര്‍ണമായ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകളിലൂടെ ചികിത്സിക്കാനാകാത്ത കേസുകളില്‍ വരെ റോബോട്ടിക് ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന് 800 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. കിഷോര്‍ ടി.എ പറഞ്ഞു. പ്രോസ്‌ട്രേറ്റ് കാന്‍സര്‍ നീക്കം ചെയ്യാന്‍, വൃക്ക മാറ്റിവെയ്ക്കല്‍, വൃക്കയിലെ ട്യൂമര്‍ നീക്കം ചെയ്യാന്‍ എന്നവയ്ക്കും റോബോട്ടിക് ശസ്ത്രക്രിയകള്‍ ഉപയോഗിക്കാവുന്നതാണ്. രക്തം നഷ്ടപ്പെടുന്നതും ആശുപത്രിവാസവും കുറയ്ക്കാമെന്നതിന് പുറമേ ശരീരം തുറന്നുള്ള ശസ്ത്രക്രിയകള്‍ ഒഴിവാക്കാമെന്നതുമാണ് ഇതിന്റെ നേട്ടമെന്നും ഡോ. കിഷോര്‍ വ്യക്തമാക്കി. ഈ ശസ്ത്രക്രിയയില്‍ സങ്കീര്‍ണതയും താരതമ്യേനെ കുറവാണ്. ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗം സര്‍ജന്‍മാര്‍ക്ക് വളരെ വലുതായി 3 ഡിയില്‍ കാണാന്‍ കഴിയുന്നുവെന്നതും റോബോട്ടിക് ശസ്ത്രക്രിയകളുടെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ആശുപത്രിവാസം മതിയെന്നത് റോബോട്ടിക് ശസ്ത്രക്രിയകള്‍ ഈ കോവിഡ് കാലത്ത് മികച്ച സാധ്യത തന്നെയാണെന്നും ഡോ. കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയയുടെ പാടും തുടര്‍ന്നുള്ള വേദനയും ചെറുതാണെന്നതും രോഗിക്ക് സുഖംപ്രാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടെന്നുള്ളതും റോബോട്ടിക് ശസ്ത്രക്രിയയുടെ വലിയ നേട്ടങ്ങളാണെന്ന് ആസ്റ്റര്‍ വിമെന്‍സ് ഹെല്‍ത്ത് സീനിയര്‍ ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. മായാദേവി കുറുപ്പ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയ്ക്കുള്ള സാധ്യതയും ഇതില്‍ കുറവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

You might also like

  • Straight Forward

Most Viewed