നീലക്കുറിഞ്ഞിയുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു; 96.15 ശതമാനം വിജയം

പ്രവാസി വിദ്യാർഥികൾക്കായി സാംസ്കാരിക കാര്യവകുപ്പ് മലയാളം മിഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ആദ്യ പത്താം തരം ഭാഷാതുല്യത പരീക്ഷയായ നീലക്കുറിഞ്ഞിയുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ബഹ്റൈൻ ചാപ്റ്ററിൽനിന്നും പരീക്ഷയെഴുതിയ നന്ദന ഉണ്ണികൃഷ്ണൻ, ഫാത്തിമ പി.മുഹമ്മദ്, ഗൗരി വിനു കർത്ത എന്നിവർ മികച്ച മാർക്കോടെ വിജയിച്ച്, ഇന്ത്യക്ക് പുറത്ത് ഈനേട്ടം കൈവരിച്ച ആദ്യ പഠിതാക്കളായി. നന്ദന ബഹ്റൈൻ കേരളീയ സമാജത്തിലെ പരീക്ഷ കേന്ദ്രത്തിലും ഫാത്തിമയും ഗൗരിയും ബംഗളൂരുവിൽനിന്നും കൊച്ചിയിലെ പ്രത്യേക പരീക്ഷകേന്ദ്രത്തിലും എത്തിയാണ് പരീക്ഷ എഴുതിയത്. മൂവരും മൂന്നുവർഷം മുമ്പ് സമാജം പാഠശാലയിൽ നീലക്കുറിഞ്ഞി പഠനം പൂർത്തിയാക്കിയവരാണ്. ഇന്ത്യക്ക് പുറത്തു നീലക്കുറിഞ്ഞി പരീക്ഷ നടന്ന ഏക കേന്ദ്രവും ആദ്യ കേന്ദ്രവുമാണ് ബഹ്റൈൻ കേരളീയ സമാജം. തിരുവനന്തപുരം പ്രസ് ക്ലബ് ടി.എൻ. ജി. ഹാളിൽ സാംസ്കാരികമന്ത്രി സജി ചെറിയാനാണ് പരീക്ഷ ഫലപ്രഖ്യാപനം നടത്തിയത്. സാംസ്കാരികകാര്യ സെക്രട്ടറി മിനി ആന്റണി, മലയാളം മിഷൻ ഡയറക്ടർ⊇ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ വിനോദ് വൈശാഖി എന്നിവർ സന്നിഹിതരായിരുന്നു.
ചരിത്രത്തിലാദ്യമായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പത്താം ക്ലാസ് തുല്യത നൽകി, പരീക്ഷാഭവൻ മാർച്ച് മൂന്നിന് നടത്തിയ പരീക്ഷ എഴുതിയവരിൽ 96.15 ശതമാനം പേർ വിജയിച്ചു. ബഹ്റൈനിൽ നിന്നും പരീക്ഷ എഴുതിയ മൂന്ന് പഠിതാക്കളും മികച്ച മാർക്കോടെ വിജയിച്ചു എന്നത് ബഹ്റൈൻ ചാപ്റ്ററിനും ബഹ്റൈൻ കേരളീയ സമാജത്തിനും ഭാഷാ പ്രവർത്തകർക്കും അഭിമാനകരമായ കാര്യമാണ് എന്ന് ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു. നീലക്കുറിഞ്ഞി പരീക്ഷ കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പത്താംതരം പരീക്ഷക്ക് തുല്യമായി പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ സാങ്കേതിക തടസ്സങ്ങൾ മൂലം, കോഴ്സ് പൂർത്തിയായി മൂന്നു വർഷത്തിനുശേഷമാണ് പരീക്ഷ നടന്നത് എന്നതിനാൽ കോഴ്‌സ് പൂർത്തിയാക്കിയ എല്ലാവർക്കും പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല.
േമ്േ്ി