ബഹ്‌റൈനിലെ കാർബൺ ബഹിർഗമനം ആഗോളശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്ന് മന്ത്രി


 

 

ബഹ്‌റൈനിലെ കാർബൺ ബഹിർഗമനം ആഗോളശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്ന് ഓയിൽ, എൻവയോൺമെന്റൽ മന്ത്രി ഡോ. മുഹമ്മദ് ബിൻ ദൈന. കാലാവസ്ഥ വ്യതിയാനം, മലിനീകരണം തുടങ്ങിയ കാര്യങ്ങളിൽ രാജ്യം ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എൻ.ഐ.എച്ച്.ആർ) ആരോഗ്യകരമായ പരിസ്ഥിതി: പ്രയോഗങ്ങൾ, വെല്ലുവിളികൾ, പരിഹാരങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന മറ്റു വെല്ലുവിളികൾ−സമുദ്രനിരപ്പ് ഉയരൽ, ജൈവവൈവിധ്യത്തിനെതിരായ ഭീഷണികൾ, കാലാവസ്ഥ വ്യതിയാനം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആഘാതം ലഘൂകരിക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ബഹ്‌റൈനിൽനിന്നുള്ള കാർബൺ ബഹിർഗമനം 0.07 ശതമാനം മാത്രമാണ്.   

2035ഓടെ ഇത് വീണ്ടും കുറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 2030ഓടെ വൃക്ഷങ്ങളുടെ വ്യാപനം ഇരട്ടിയാക്കാനും കണ്ടൽക്കാടുകളുടെ വ്യാപനം നാലിരട്ടിയാക്കാനും പദ്ധതിയിട്ടിട്ടുണ്ട്. പുനരുപയോഗ ഊർജ സ്രോതസ്സുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ദേശീയ ഊർജ പരിവർത്തന പദ്ധതി നടപ്പാക്കിവരുകയാണ്. അടുത്ത 10 വർഷത്തിനുള്ളിൽ ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടാകും. ആധുനിക കടൽഭിത്തികളുണ്ടാക്കി സമുദ്രനിരപ്പ് വർധിക്കുന്നതിനെ ചെറുക്കും. വിശാലമായ കടൽത്തീരങ്ങളുൾപ്പെടെ കടൽ സംരക്ഷണത്തിന് പദ്ധതി തയാറാക്കിയിട്ടുണ്ട്. 1976 മുതൽ എല്ലാ വർഷവും സമുദ്രനിരപ്പ് 1.6 മില്ലിമീറ്റർ മുതൽ 3.4 മില്ലിമീറ്റർ വരെ ഉയരുന്നതായാണ് കണക്ക്.   കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് വർധിക്കുന്നത് തീരപ്രദേശത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പദ്ധതി തയാറാക്കിയിരുന്നു. 

സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലമായി തീരപ്രദേശങ്ങൾ നഷ്ടപ്പെടുന്നതിനെ ചെറുക്കാനായി കണ്ടൽചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുകയാണ് ഒരു മാർഗം. ബീച്ചുകളിലെ നിർമിതികൾ തീരപ്രദേശങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നുണ്ട്. മരങ്ങളും കണ്ടൽക്കാടുകളും തീരദേശ സംരക്ഷണത്തിന് വളരെയേറെ സഹായകരമാണ്. ഈ ചെടികളുടെ വേരുകൾ ആഴത്തിൽ ഇറങ്ങുന്നതിനാൽ കരയെ അവ സംരക്ഷിച്ച് നിർത്തും. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കാറ്റും മറ്റും അധികം ഉപദ്രവമുണ്ടാക്കാത്ത അറേബ്യൻ ഗൾഫ് മേഖലയിലാണ് ബഹ്‌റൈൻ സ്ഥിതിചെയ്യുന്നതെന്നതിനാൽ തീരശോഷണം ഇവിടെ അത്ര ഗുരുതരമല്ല.   എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി പഠനം നടത്തുന്നുണ്ട്. സംരക്ഷണ മാർഗങ്ങൾ സംയോജിപ്പിച്ച് വിപുലമായ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സമുദ്രനിരപ്പ് ഉയരുന്നത് പരിമിതപ്പെടുത്താൻ തീരദേശ നടപ്പാതകൾക്ക് കഴിയും. തീരദേശ വാണിജ്യ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നത് തീരസംരക്ഷണം ഉറപ്പുവരുത്തും എന്നതിനുപുറമെ സാമ്പത്തിക അവസരങ്ങളും നൽകും.   

നവംബർ 30 മുതൽ ഡിസംബർ 12 വരെ നടക്കുന്ന COP28 കോൺഫറൻസിന് യു.എ.ഇ ആതിഥേയത്വം വഹിക്കുന്നതിൽ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പരിഹാരങ്ങൾ തേടിയുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ബഹ്‌റൈനും പങ്കാളികളാകും. എൻ.ഐ.എച്ച്.ആർ കോൺഫറൻസിൽ വിവിധ യു.എൻ ഏജൻസികളിലെയും എൻ.ഐ.എച്ച്‌.ആറുകളിലെയും ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പ്രതിനിധികളും പങ്കെടുത്തു. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളുമുണ്ടായിരുന്നു.

article-image

dsfdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed