ഇലക്ട്രിക് കാറുകൾ പ്രചരിപ്പിക്കാൻ ആഹ്വാനവുമായി യൂത്ത് സിറ്റി 2030

രാജ്യത്ത് കൂടുതൽ ഇലക്ട്രോണിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രചരിപ്പിക്കണമെന്ന് ആഹ്വാനവുമായി വൈദ്യുതി-ജല കാര്യ മന്ത്രാലയത്തിലെ എനർജി എഫിഷ്യൻസി വിഭാഗം ശിൽപശാല നടത്തി. യൂത്ത് സിറ്റി 2030ന്റെ ഭാഗമായാണ് ‘ഇലക്ട്രിക് വാഹനങ്ങളും ഭാവിയും’ എന്ന വിഷയത്തെ ആസ്പദമാക്കി മന്ത്രാലയം പരിപാടി നടത്തിയത്. വൈദ്യുതി വാഹനങ്ങളുടെ വിശദാംശങ്ങൾ, അവ ചാർജ് ചെയ്യുന്ന രീതി, ഗതാഗതമേഖലയിലെ ആഗോള പ്രവണതകൾ എന്നിവയും ശിൽപശാല ചർച്ചചെയ്തു. 2035ഓടെ കാർബൺ ബഹിർഗമനം 30 ശതമാനം കുറക്കാനാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്. ബഹ്റൈനിൽ അഞ്ചിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ക്വിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ നേരത്തേ വൈദ്യുതി-ജല കാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. 15 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാവുന്ന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയുമായി സഹകരിച്ച് ഇലക്ട്രിക് വാഹനമേഖല കൂടുതൽ ശക്തമാക്കാനുള്ള നീക്കവും സർക്കാർ നടത്തി വരുന്നുണ്ട്.
ADSDASADSADS