മുൻ അംബാസഡറും മാധ്യമ പ്രവർത്തകനുമായ ഇബ്രാഹീം അലി അൽ ഇബ്രാഹീം അന്തരിച്ചു

മുൻ അംബാസഡറും മാധ്യമപ്രവർത്തകനുമായ ഇബ്രാഹീം അലി അൽ ഇബ്രാഹീം (81) അന്തരിച്ചു. മാധ്യമരംഗത്ത് നിരവധി സംഭാവനകൾ നൽകിയ അദ്ദേഹം ബഹ്‌റൈൻ നയതന്ത്രജ്ഞരുടെ ആദ്യ തലമുറയിൽപ്പെട്ടയാളാണ്. 1971ൽ ബഹ്‌റൈൻ സ്വതന്ത്ര രാജ്യമായപ്പോൾ വിദേശകാര്യ മന്ത്രാലയത്തിൽ ജോലി ആരംഭിച്ചു. പ്രോട്ടോകോൾ ഡയറക്ടർ, നിയമകാര്യ ഡയറക്ടർ, മന്ത്രാലയത്തിലെ ജി.സി.സി ഡയറക്ടറേറ്റ് മേധാവി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1971ൽ കൈറോയിൽ ഡെപ്യൂട്ടി അംബാസഡറായി നിയമിതനായി. ഇറാനിലും (1976-1978), സൗദി അറേബ്യയിലും (1980-1984), ജോർഡനിലും (1986-1991) സേവനമനുഷ്ഠിച്ചു.
വിദേശകാര്യ മന്ത്രാലയത്തിൽ ചേരുന്നതിനുമുമ്പ് ദിസ് ഈസ് ബഹ്‌റൈൻ (ഹുന അൽ ബഹ്‌റൈൻ) മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. ബഹ്‌റൈൻ ഡിപ്ലോമസിയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ബഹ്‌റൈൻ നാഷനൽ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ബഹ്‌റൈനിലെ നാഷനൽ പ്രസിന്റെ സ്ഥാപകരായ 14 പേരിൽ ഒരാളായിരുന്നു അദ്ദേഹം.
XZCSXV