ഫോർമുല വൺ കാറോട്ട മത്സരം നാളെ തുടങ്ങും

അന്താരാഷ്ട്ര കായിക ഭൂപടത്തിൽ ബഹ്റൈനെ അടയാളപ്പെടുത്തുന്ന ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കും. 150 മില്യൺ ഡോളർ ചെലവഴിച്ച് നിർമ്മിച്ച സാഖീറിലെ ബഹ്റൈൻ അന്താരാഷ്ട്ര സർക്യൂട്ടിൽ വെച്ച് നടക്കുന്ന മത്സരം കാറോട്ട പ്രേമികളുടെ പറുദീസയായി അടുത്ത മൂന്ന് ദിവസം മാറും. മത്സരത്തിന്‍റെ എല്ലാ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. ഈ സീസണിലെ ആദ്യത്തെ ഫോർമുല വൺ ആദ്യ റേസ് കൂടിയാണ് ബഹ്റൈനിലെ അഞ്ചര കിലോമീറ്ററുള്ള ട്രാക്കിൽ നടക്കുന്നത്. ബഹ്റൈനിൽ ഇത് അഞ്ചാം തവണയാണ് ആദ്യത്തെ റേസ് അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് കാറോട്ട പ്രേമികളാണ് ബഹ്റൈനിലെത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ബഹ്‌റൈൻ ഗ്രാൻഡ്പ്രീ ദിനങ്ങളിൽ 98,000 പേരും റേസ് ദിനത്തിൽ 35,000 പേരുമാണ് കാഴ്ചക്കാരായി എത്തിയത്.
മത്സരത്തിനായുള്ള ടിക്കറ്റുകൾ പൂർണമായും വിറ്റ് തീർന്നതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. ടിക്കറ്റെടുത്തവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം പാർക്കിങ്ങ് പാസ് കൂടി വാങ്ങണമെന്നതാണ്. ഇത് വാഹനത്തിന്റെ മുൻവശം പതിക്കുകയും വേണം. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നിന്നും, സിറ്റിസെന്ററിൽ നിന്നും ബുക്ക് ചെയ്ത ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. മത്സരങ്ങളുടെ ടൈം ടേബിളും പ്രവേശന സമയവുമൊക്കെ www.bahraingp.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
dfghdf