പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ ഒന്നാം ഓർമ്മ പെരുന്നാൾ ബഹ്റൈനിൽ കൊണ്ടാടി

മലങ്കര മെത്രാപ്പോലീത്തയായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ ഒന്നാം ഓർമ്മ പെരുന്നാൾ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ കൊണ്ടാടി. ഇതോടൊനുബന്ധിച്ച് വിശുദ്ധ കുർബാനയും ഇന്ത്യൻ സ്കൂളിൽ വെച്ച് അനുസ്മരണ സമ്മേളനവും നടന്നു. വികാരി ഫാ. പോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അസ്സിസ്റ്റന്റ് വികാരി ഫാ. സുനിൽ കുര്യൻ പ്രാരംഭ പ്രാർത്ഥന നടത്തി. സെക്രട്ടറി ബെന്നി വർക്കി സ്വാഗതവും, ജോസഫ് ചീനിക്കാല പരിശുദ്ധ പിതാവിന്റെ ജീവചരിത്രവും അവതരിപ്പിച്ചു.
കെസിഇസി പ്രസിഡന്റ് റവ. ദിലീപ് ഡേവിഡ്സൺ മാർക്ക് , ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ , ബികെഎസ് വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സുവനീർ പ്രകാശനവും ഡോക്യൂമെന്ററിയും ഇടവക ഗായക സംഘത്തിന്റെ അനുസ്മരണ സംഗീതവും പരിപാടിയോടനുബന്ധിച്ച് നടന്നു. ഇടവക ട്രസ്റ്റി സാമുവേൽ പൗലോസ് നന്ദി രേഖപ്പെടുത്തി. റവ ഡീക്കൻ ജെറിൻ പി ജോൺ സമാപന പ്രാർത്ഥന നടത്തി.