യുദ്ധസഹചര്യം: സ്വദേശി തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ബഹ്റൈൻ പാർലിമെന്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈനിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ചെറുകിട-ഇടത്തരം സംരംഭങ്ങളിലെ സ്വദേശി ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവുമായി ജനപ്രതിനിധി സഭ രംഗത്ത്. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അധ്യക്ഷൻ ഡോ. ഹസൻ ഈദ് ബൂഖമാസ് ആണ് ഇത് സംബന്ധിച്ച നിർദ്ദേശം സമർപ്പിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ സ്വകാര്യ മേഖലയിലെ ബഹ്‌റൈനികളെ സംരക്ഷിക്കുന്നതിനായി ലേബർ ഫണ്ട് (തംകീൻ) വഴി പ്രത്യേക സഹായ പദ്ധതി നടപ്പിലാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
മേഖലയിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളും ബഹ്‌റൈൻ്റെ സാമ്പത്തിക മേഖലയെ നേരിട്ടും അല്ലാതെയും ബാധിച്ചിട്ടുണ്ടെന്ന് ബൂഖമാസ് ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും പ്രവർത്തനച്ചെലവിലെ വർദ്ധനവും കാരണം ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ സ്വദേശി ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കാനും സ്ഥാപനങ്ങൾ തകരാതെ സംരക്ഷിക്കാനും സർക്കാർ ധനസഹായം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിൻ്റെ ആഘാതം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ നിശ്ചിത കാലയളവോ സ്വദേശി ജീവനക്കാരുടെ മുഴുവൻ ശമ്പളവും തംകീൻ വഴി നൽകണമെന്നാണ് നിർദ്ദേശം.
ദേശീയ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഇത്തരം സ്ഥാപനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നത് സാമ്പത്തികവും സുരക്ഷാപരവുമായ അനിവാര്യതയാണെന്ന് ബൂഖമാസ് വിശദീകരിച്ചു. സ്വദേശി കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം, വിപണിയിലെ മാന്ദ്യം കാരണം സ്ഥാപന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. തംകീൻ വഴിയുള്ള വേഗത്തിലുള്ള ഇടപെടൽ വഴി തൊഴിലില്ലായ്മ ഒഴിവാക്കാനും ചെറുകിട സ്ഥാപനങ്ങൾ പാപ്പരാകുന്നത് തടയാനും സാധിക്കും.
രാജ്യത്തെ തൊഴിൽ വിപണിയെ സംരക്ഷിക്കുന്നതിനും സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കുന്നതിനുമുള്ള ഒരു 'സോഷ്യൽ സേഫ്റ്റി വാൽവ്' ആയി ഈ അടിയന്തര സഹായ പദ്ധതി പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രാദേശിക പ്രതിസന്ധികൾ ബഹ്‌റൈനി കുടുംബങ്ങളുടെ സ്ഥിരതയെ ബാധിക്കാതിരിക്കാൻ സർക്കാർ ഈ നിർദ്ദേശം മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ghh


