സമാധാനത്തിനുള്ള സംയുക്ത കരാറിൽ ഒപ്പ് വെച്ച് ബഹ്റൈനും ഇസ്രയേലും


ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി യാഇർ ലാപിഡും തമ്മിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണക്കരാറിൽ ഒപ്പുവെച്ചു. തെൽഅവീവിൽ നടന്ന നയതന്ത്ര ഉച്ചകോടിയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഊഷ്മള സമാധാനത്തിനുള്ള സംയുക്ത കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേൽ വിദേശകാര്യ മന്ത്രിയുടെ ക്ഷണപ്രകാരമാണ് നയതന്ത്ര ഉച്ചകോടിയിൽ ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി പങ്കെടുത്തത്. വ്യാപാര വിനിമയത്തോത് വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആശയ വിനിമയം ശക്തമാക്കുന്നതിനും മേഖലയിൽ സമാധാനം സാധ്യമാക്കുന്നതിനുമാണ് കരാർ. വ്യാപാരം, നിക്ഷേപം, ഭക്ഷ്യ-ജലസുരക്ഷ, കാലാവസ്ഥ വ്യതിയാനം, പുനരുപയോഗ ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ സുരക്ഷ, ടൂറിസം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും സഹകരണം ശക്തിപ്പെടുത്താൻ ധാരണയായിട്ടുണ്ട്. ഇസ്രായേലിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് യൂസുഫ് അൽജലാഹിമ, ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ ഈറ്റൻ നായെഹ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 

You might also like

  • Straight Forward

Most Viewed