ഫോർമുല വൺ കാറോട്ടമത്സരം - ബഹ്റൈനിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ അമ്പത് ശതമാനം വർദ്ധനവ്
ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ഭാഗമായി രാജ്യത്ത് എത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 2019 നെക്കാൾ അമ്പത് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി അധികൃതർ. ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി, ഗൾഫ് എയർ വിമാന കമ്പനി, ബഹ്റൈൻ അന്താരാഷ്ട്ര സർക്യൂട്ട് എന്നിവരുടെ സംയുക്ത സഹകരണത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
കാറോട്ട മത്സരത്തിന് മുന്നോടിയായി രാജ്യത്ത് നടന്ന പരിപാടികൾ സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും, കഴിഞ്ഞ പതിനെട്ട് വർഷമായി ബഹ്റൈൻ നേടിയ പരിചയസമ്പത്ത് ഗുണകരമായെന്നും ബിഐസി ചിഫ് എക്സിക്യൂട്ടിവ് ഷെയ്ഖ് സൽമാൻ ബിൻ ഇസാ അൽ ഖലീഫ വ്യക്തമാക്കി. കാറോട്ട പ്രേമികളുടെ ഇടമായ നെതർലാൻഡ്സ് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സന്ദർശകർക്കായി ചാർട്ടേർഡ് വിമാന സെർവീസുകളും നടത്തിയിരുന്നു. സമീപകാലത്ത് ബഹ്റൈൻ കണ്ട ഏറ്റവും തിരക്കേറിയ പരിപാടികളിൽ ഒന്നായിരുന്നു ബഹ്റൈൻ ഗ്രാൻഡ് പ്രി കാറോട്ട മത്സരം.

