ഭക്ഷണവിതരണ കമ്പനികളുടെ പേരുപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം - പണം നഷ്ടമായി ഉപഭോക്താക്കൾ


ബഹ്റൈനിലുള്ളവർ ഓൺലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഭക്ഷണ വിതരണക്കാരായ പ്രമുഖ കമ്പനികളുടെ വ്യാജ ഓണ്‍ലൈന്‍ പതിപ്പുകളുണ്ടാക്കി പണം തട്ടുന്ന സംഘം സജീവമായിരിക്കുന്നു. മക്ഡോണാൾഡ്സ്, ഡൊമിനോസ് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുടെ പേരിൽ വരെ വ്യാജമായി നിർമ്മിക്കുന്ന സൈറ്റുകളിൽ നിന്നും, അവരുടെതെന്ന രീതിയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നടത്തുന്ന തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കുന്നത് വൻ തുകകൾ ആണ്. വലിയ ഓഫറുകൾ കാണുമ്പോൾ ചാടി വീഴുന്ന ഉപഭോക്താവ് പിന്നീട് അവിടെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് പണം പോയ കാര്യം തിരിച്ചറിയുന്നത്.

ഭക്ഷണത്തിനു 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്.സമൂഹ മാധ്യമങ്ങളില്‍ പരസ്യം കണ്ട് ആകൃഷ്ടരാകുന്ന ഉപഭോക്താവ് ഓണ്‍ലൈന്‍ സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ കാണുന്നത് യഥാർഥ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അതേ ചിത്രങ്ങളും നിരക്കുകളും തന്നെയാണ്. എന്നാല്‍, സൈറ്റ് അഡ്രസില്‍ പെട്ടന്ന് ശ്രദ്ധയില്‍പ്പെടാത്ത തരത്തിലുള്ള ചെറിയ വ്യത്യാസം ഉണ്ടെന്നു മാത്രം. സ്ഥിരമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍വരെ ഈ വ്യത്യാസം തിരിച്ചറിയാതെ തട്ടിപ്പിനിരയായിട്ടുണ്ട്. തനിക്ക് ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത വകയില്‍ പണം നഷ്ടപ്പെട്ട വിവരം സുഹൃത്തുക്കളോട് പറയുമ്പോഴാണ് അവര്‍ക്കും പണം നഷ്ടപ്പെട്ട വിവരം പലരും പുറത്തറിയുന്നത്.

ഇന്ന് രാവിലെ ബഹ്റൈനിലെ കോട്ടയം സ്വദേശിയായ മനേഷിന് സമാനമായ രീതിയിൽ നഷ്ടമായത് അറന്നൂറ് ദിനാറാണ്. മക്ഡോണാൾഡ്സിന്റെ വലിയ ഓഫർ എന്ന രീതിയിൽ കണ്ട ബർഗറിന് ഒരു ദിനാർ നൂറ് ഫിൽസ് നൽകാനുള്ള ശ്രമത്തിനിടയിലാണ് അറന്നൂറ് ദിനാർ അക്കൗണ്ടിൽ നിന്ന് പോയെന്ന മെസേജ് ഇദ്ദേഹത്തിന് ലഭിച്ചത്. പണം അടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വന്ന ഒടിപി റിക്വസ്റ്റ് സ്വീകരിച്ചതോടെയാണ് പണി പാളിയത്. ദിനാറിന് പകരം പൗണ്ടായിട്ടാണ് പണം ബാങ്കിൽ നിന്ന് പോയിരിക്കുന്നത്. ഈകാര്യം ബാങ്കിനെ അറിയിച്ചിട്ടുണ്ടെന്നും പോലീസിൽ പരാതിപ്പെടുമെന്നും മനേഷ് പറഞ്ഞു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾക്ക് നഷ്ടമായത് എണ്ണൂറ് ദിനാറാണ്. 

ബഹ്റൈനിൽ ഓൺലൈൻ തട്ടിപ്പുകൾ ദിനം പ്രതി വർദ്ധിക്കുന്ന കാര്യം നേരത്തേ തന്നെ ഫോർ പി എം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നിരവധി കേസുകളാണ് ഇപ്പോൾ പോലീസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

You might also like

Most Viewed