വിപണിയിൽ കർശന നിരീക്ഷണം; സെൻട്രൽ മാർക്കറ്റ് സന്ദർശിച്ച് ബഹ്റൈൻ വാണിജ്യമന്ത്രി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ വിപണികളിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കുന്നതിനുമായി വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രോ മനാമ സെൻട്രൽ മാർക്കറ്റിൽ സന്ദർശനം നടത്തി. ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വാണിജ്യ മേഖലയിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ ഈ സന്ദർശനം.
നിലവിലെ അസാധാരണ സാഹചര്യം മുതലെടുത്ത് വില വർദ്ധിപ്പിക്കാനോ സാധനങ്ങൾ പൂഴ്ത്തിവെക്കാനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിപണിയിൽ വില സ്ഥിരത ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൗരന്മാർക്കും താമസക്കാർക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ മതിയായ അളവിൽ വിപണിയിലുണ്ടെന്ന് ഉറപ്പാക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശന വേളയിൽ വ്യാപാരികളുമായും വിൽപനക്കാരുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രി അവരുടെ പരാതികളും നിർദ്ദേശങ്ങളും കേട്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന വ്യാപാരികളെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്ത് അവശ്യവസ്തുക്കളുടെ തന്ത്രപരമായ ശേഖരം (Strategic Stock) സുരക്ഷിതമാണെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ വിപണി സജ്ജമാണെന്നും മന്ത്രി ഉറപ്പുനൽകി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സേവനങ്ങളും ഉൽപ്പന്നങ്ങളും തടസ്സമില്ലാതെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
aa


