ഭക്ഷ്യക്ഷാമം ഭയക്കേണ്ടതില്ല; വിപണിയിൽ അവശ്യവസ്തുക്കൾ സുലഭമെന്ന് ബഹ്റൈൻ വാണിജ്യ മന്ത്രി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ വിതരണ ശൃംഖലയുടെ സുരക്ഷയും വിപണിയിലെ ഭക്ഷ്യലഭ്യതയും വിലയിരുത്തുന്നതിനായി വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രോ ബഹ്‌റൈൻ ഫ്ലവർ മിൽസ് കമ്പനിയിൽ സന്ദർശനം നടത്തി. നിലവിലെ അസാധാരണ സാഹചര്യത്തിലും രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം സുശക്തമാണെന്നും വിപണിയിൽ അവശ്യവസ്തുക്കളുടെ ലഭ്യതയിൽ കുറവില്ലെന്നും മന്ത്രി ഉറപ്പുനൽകി.
പ്രാദേശിക വിപണികളിൽ ഉൽപ്പന്നങ്ങളുടെ ഒഴുക്ക് സാധാരണ നിലയിലാണെന്നും ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ സാധനങ്ങൾ സുലഭമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനും ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിനും മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ സർക്കാർ നടത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ബോധപൂർവമായ ഇടപെടലുകൾ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗോതമ്പ്, മാവ് എന്നിവയുടെ സംഭരണ നിലയും ഉൽപാദന ശേഷിയും മന്ത്രി നേരിട്ട് വിലയിരുത്തി. ഉൽപാദനവും വിതരണവും ഉയർന്ന ഗുണനിലവാരത്തോടെയും കാര്യക്ഷമമായും തുടരാൻ ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകി. അതേസമയം, ഉൽപാദന-വിതരണ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രധാന വിപണികളിലെല്ലാം ഉൽപ്പന്നങ്ങൾ ലഭ്യമാണെന്നും ബഹ്‌റൈൻ ഫ്ലവർ മിൽസ് കമ്പനി അധികൃതർ അറിയിച്ചു.
aa


