കുടുംബവാഴ്ചാ ആരോപണം; തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ മാറ്റി എം.വി. ജയരാജൻ എത്തിയേക്കും
ഷീബ വിജയൻ
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. 'ഭാര്യത്തായം' എന്നും 'മക്കത്തായം' എന്നുമുള്ള പരിഹാസങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നതോടെ പാർട്ടി നേതൃത്വം പുനരാലോചനയിലാണ്. നിലവിൽ തളിപ്പറമ്പ് എം.എൽ.എ ആയ ഗോവിന്ദന് പകരം ഭാര്യയെ തന്നെ നിശ്ചയിച്ചത് 'സെൽഫ് ഗോൾ' ആകുമെന്ന് അണികൾക്കിടയിൽ വിമർശനമുണ്ട്. പകരം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ പരിഗണിച്ചേക്കും. ആന്തൂർ നഗരസഭാ അധ്യക്ഷയായിരിക്കെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയയായ ശ്യാമളയ്ക്ക് എതിരെ നേരത്തെയും പാർട്ടിയിൽ അതൃപ്തിയുണ്ടായിരുന്നു.
മറ്റൊരു പ്രധാന മാറ്റം മട്ടന്നൂരിലാണ്. റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിലേക്ക് അയക്കാൻ പാർട്ടി തീരുമാനിച്ചു. പകരം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മട്ടന്നൂരിൽ മത്സരിക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നിലവിൽ പ്രതിനിധീകരിക്കുന്ന പേരാവൂരിൽ ശൈലജ എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടമായി ഇത് മാറും.
saasds


