യുഎസ് കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു

യുഎസ് − കാഡന അതിർത്തിയിൽ കൊടും തണുപ്പിൽ മരവിച്ച് മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ജഗദീഷ് ബൽദേവ്ഭായ് പട്ടേൽ(39), വൈശാലിബെൻ ജഗദീഷ് കുമാർ പട്ടേൽ(37), വിഹാംഗി(11), ധർമിക്(3) എന്നിവരാണ് മരിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശികളാണ് ഇവർ. മരണവിവരം ഗുജറാത്തിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മൃതദേഹങ്ങൾ ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
ജനുവരി 19നാണ് കാനഡയിലെ എമേഴ്‌സൺ നഗരത്തിനു സമീപം മഞ്ഞിൽ തണുത്തുറഞ്ഞ നിലയിൽ കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെത്തിയത്. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസാണ് മൃതദേഹങ്ങൾ കണ്ടത്തിയത്. ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നിന്നെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. യുഎസിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെ ആണ് ഇവർ മരണത്തിന് കീഴടങ്ങിയത് എന്നായിരുന്നു റിപ്പോർട്ട്. ഗാന്ധിനഗറിലെ കലോളിൽ സ്‌കൂൾ അധ്യാപകനായി ജോലിനോക്കിയിരുന്ന വ്യക്തിയായികുന്നു ജഗദീഷ്. പിന്നാലെ മറ്റ് പല ബിസിനസുകളും ഇദ്ദേഹം ചെയ്തിരുന്നു. രണ്ടാഴ്ച മുന്പാണ് കുടുംബം സന്ദർശക വിസയിൽ കാനഡയിലേക്ക് പോയതെന്നാണ് അധികൃതർ നൽകുന്ന വിവരം.
യുഎസ്−കാനഡ അതിർത്തിയിൽ നിന്ന് 12 മീറ്റർ മാത്രം അകലെയുള്ള മാനിറ്റോബ എന്ന സ്ഥലത്തായിരുന്നു കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഠിനമായ ശൈത്യമാണ് പിഞ്ചുകുഞ്ഞുൾപ്പെട്ട കുടുംബത്തിന്റെ മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമർശം.