ദുരിതബാധിതർക്ക് താങ്ങായി സർക്കാർ; ഹമദ് ടൗണിലെ സംരക്ഷണ കേന്ദ്രം സന്ദർശിച്ച് മന്ത്രി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ നിലവിലെ അസാധാരണ സാഹചര്യങ്ങളെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട കുടുംബങ്ങളുടെയും വ്യക്തികളുടെയും ക്ഷേമമന്വേഷിച്ച് സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ-അലവി ഹമദ് ടൗണിലെ സോഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ കോംപ്ലക്സിൽ സന്ദർശനം നടത്തി. നിലവിലെ സാഹചര്യത്തിൽ ഇവിടെ അഭയം പ്രാപിച്ചവരുടെ ആവശ്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു മന്ത്രിയുടെ സന്ദർശനം.
കേന്ദ്രത്തിലെ താമസക്കാരുമായി നേരിട്ട് സംസാരിച്ച മന്ത്രി, അവരുടെ ആശങ്കകൾ കേൾക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. പൗരന്മാരുടെ സുരക്ഷയും ജീവിത സ്ഥിരതയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഹായം ആവശ്യമായ എല്ലാവർക്കും സംരക്ഷണവും പരിചരണവും നൽകുക എന്നത് മന്ത്രാലയത്തിന്റെ ദേശീയവും മാനുഷികവുമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭയകേന്ദ്രത്തിൽ കഴിയുന്നവർക്ക് മികച്ച സാമൂഹികവും മാനസികവുമായ പിന്തുണയും ജീവിതസൗകര്യങ്ങളും ഉറപ്പാക്കാൻ പ്രത്യേക സംഘം 24 മണിക്കൂറും സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. വെല്ലുവിളികൾ നിറഞ്ഞ ഈ ഘട്ടത്തിൽ അർഹരായവർക്ക് ഏറ്റവും കാര്യക്ഷമമായ സേവനം നൽകാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
aa


