സ്പെക്ട്ര ആർട്ട് കാർണിവലുമായി ഐസിആർഎഫ്


മനാമ

ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള സ്പെക്ട്രാ ആർട്ട് കാർണിവലിന്റെ പതിമൂന്നാമാത് എഡിഷൻ ഡിസംബർ 10, 11, 12 തീയ്യതികളിൽ നടക്കുമെന്ന് ഐസിആർഎഫ് ഭാരവാഹികൾ അറിയിച്ചു. ഇന്നുച്ചയ്ക്ക് ജുഫൈറിലെ ബെസ്റ്റ് വെസ്റ്റേൺ ഒലീവിൽ വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഉപദേശകരായ ഭഗവാൻ അസർപോട്ട, അരുൾ ദാസ് തോമസ്, വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ, സ്പെക്ട്രാ കോർഡിനേറ്ററും, ജോയിന്റ് സെക്രട്ടറിയുമായ അനീഷ് ശ്രീധരൻ, ട്രഷറർ മണിലക്ഷ്മണ മൂർത്തി, മുഖ്യപ്രായോജകരായ ഫെബർ കാസിലിന്റെ മേധാവി സഞ്ജയ് ബാൻ എന്നിവർ പങ്കെടുത്തു. കോവിഡിന്റെ സാഹചര്യത്തിൽ ഈ വർഷവും ഓൺലൈനിൽ ആണ് പരിപാടി നടക്കുക.

ബഹ്റൈനിലെ ഇരുപ്പത്തിരണ്ടോളം വിദ്യാലയങ്ങളിൽ നിന്നും പ്രാഥമിക റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഫൈനൽ റൗണ്ടുകളിൽ മത്സരിക്കുന്നത്. അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ് വരെ, പതിനൊന്ന് മുതൽ പതിനാല് വയസ്സ് വരെ, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ എന്നിങ്ങിനെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്. ഇത്തവണ ആദ്യമായി ബഹ്റൈനിലുള്ളവർക്ക് പുറമേ അന്താരാഷ്ട്ര തലത്തിലും മത്സരം നടക്കും.ബഹ്‌റൈനിൽ നിന്ന് പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിംഗ് പേപ്പറും മെറ്റീരിയലുകളും ഐസിആർഎഫ് നൽകും. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. കൂടാതെ എല്ലാ പങ്കാളികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും. വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2022-ൽ രൂപകൽപ്പന ചെയ്‌ത കലണ്ടറുകളിലും ഡെസ്‌ക്-ടോപ്പ് കലണ്ടറുകളിലും ഉൾപ്പെടുത്തും. 

മത്സരത്തിൽ നിന്നുള്ള മൊത്തം വരുമാനം പ്രതിമാസം ബഹ്റൈനിൽ വെച്ച് മരണമടഞ്ഞ താഴ്ന്ന വരുമാനക്കാരയ ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി രൂപീകരിച്ച കുടുംബക്ഷേമ നിധിയിലേയ്ക്കാണ് നൽകുന്നത്. സ്പെക്ട്ര 2021-നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 39401394 അല്ലെങ്കിൽ 39612819 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed