കോവിഡ് ലെവൽ കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തി ബഹ്റൈൻ

മനാമ
രാജ്യത്ത് കോവിഡ്-19 ജാഗ്രത ലെവൽ കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തി. പുതിയ തീരുമാനപ്രകാരം ഓരോദിവസവും ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് ലെവലുകൾ തീരുമാനിക്കുക. ഈ രീതി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ തീരുമാന പ്രകാരം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ 14 ദിവസത്തെ പ്രതിദിന ശരാശരി അമ്പതോ അതിൽ താഴെയോ ആണെങ്കിൽ ഗ്രീൻ ലെവലായിരിക്കും. അതേ സമയം ഏഴു ദിവസത്തെ പ്രതിദിന ശരാരി 51നും 100നും ഇടയിലാണെങ്കിൽ യെല്ലോ ലെവലും നാലു ദിവസത്തെ പ്രതിദിന ശരാശരി 101നും 200നും ഇടയിലാണെങ്കിൽ ഓറഞ്ച് ലെവലും മൂന്നു ദിവസത്തെ പ്രതിദിന ശരാശരി 201ന് മുകളിലാണെങ്കിൽ റെഡ് ലെവലും ആയി നിശ്ചിയിക്കും. ഉയർന്ന ലെവലിൽനിന്ന് താഴേക്ക് മാറണമെങ്കിൽ ഒരാഴ്ച്ചയെങ്കിലും അതേ ലെവലിൽ തുടരണം. എന്നാൽ, താഴ്ന്ന ലെവലിൽനിന്ന് മുകളിലേക്ക് മാറണമെങ്കിൽ ഈ വ്യവസ്ഥ ബാധകമല്ല. ഇതിന് പുറമേ, വാക്സിൻ സ്വീകരിക്കാത്തവർ ഏതെങ്കിലും സ്ഥലത്ത് പ്രവേശിക്കണമെങ്കിൽ ശരീരോഷ്മാവ് പരിശോധിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കുകയും ചെയ്തു. ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന രീതിയും ഇനിയുണ്ടാകില്ല. അതേസമയം, സ്ഥാപനങ്ങളുടെ അകത്ത് മാസ്ക് ധരിക്കുന്നതിലും അണുനശീകരണം നടത്തുന്നതിലും വീഴ്ച പാടില്ലെന്നും മെഡിക്കൽ സമിതി ഓർമിപ്പിച്ചു.