പാരിലിന്പിക്സിൽ ഇന്ത്യയ്ക്കും ബഹ്റൈനും ഒരുപോലെ അഭിമാനമായി ജോജൻ ജോൺ

മനാമ: ടോക്യോയിൽ നടന്ന പാരാലിന്പിക്സിൽ ബാഡ്മിൻറൺ മത്സരം നിയന്ത്രിച്ച് മലയാളികളുടെ അഭിമാനമാവുകയാണ് എറണാകുളം അങ്കമാലി സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ ജോജൻ വി. ജോൺ. ആദ്യമായാണ് പാരാലിന്പിക്സിൽ ബാഡ്മിൻറൺ മത്സര ഇനമായി ഉൾപ്പെടുത്തിയത്. ടോക്യോ പാരാലിന്പിക്സിൽ ആകെ 19 മത്സരങ്ങളാണ് ജോജൻ വി. ജോൺ നിയന്ത്രിച്ചത്. ഇന്ത്യക്കാരനായ കൃഷ്ണ നാഗർ സ്വർണം നേടിയ മത്സരത്തിൽ സർവിസ് ജഡ്ജായിരുന്ന ജോജൻ ഇതേ താരത്തിന്റെ സെമിഫൈനൽ മത്സരത്തിൽ അന്പയറുമായിരുന്നു. 20 വർഷമായി ബഹ്റൈനിൽ ബിസിനസ് നടത്തുന്ന ജോജൻ ബഹ്റൈനെ പ്രതിനിധാനം ചെയ്താണ് പാരാലിന്പിക്സിൽ പങ്കെടുത്തത്.
ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ അംഗമായ ജോജൻ വെസ്റ്റ് ഏഷ്യ ബാഡ്മിന്റൺ, ബാഡ്മിന്റൺ ഏഷ്യ, ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്) എന്നിവയുടെ അന്പയറുമാണ്. ഇതോടൊപ്പം ബഹ്റൈൻ കേരളീയ സമാജത്തിലെ ബാഡ്മിൻറൺ ക്ലബിലും ഇദ്ദേഹം സജീവമാണ്. ഭാര്യ മിനി ജോജൻ, മക്കളായ സചിൻ, സ്റ്റീവൻ, സാന്ദ്ര എന്നിവരും ജോജനൊപ്പം ബഹ്റൈനിലുണ്ട്. ബഹറിൻ കേരളീയ സമാജം അംഗം കൂടിയായി ജോജൻ ജോണിനെ സമാജത്തിൽ വച്ച് നടന്ന സ്വീകരണ ചടങ്ങിൽ ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള മെമന്റോ നൽകിയും സമാജം ജനറൽ സെക്രട്ടറി പൊന്നാടയണിയിച്ചും ജോജൻ ജോണിനെ ആദരിച്ചു. സമാജം ഭരണ സമതി അംഗങ്ങൾ, ബാഡ്മിന്റൺ സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കോവി ഡ് പ്രോട്ടോക്കോൾ അനുസരിച്ച് വേദിയിൽ സന്നിഹിതരായിരുന്നു.