ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർക്കായി ബഹ്‌റൈൻ കേരളീയ സമാജം അക്ഷയപാത്രം പദ്ധതി ആരംഭിക്കുന്നു

മനാമ; സാമ്പത്തീകമായ കാരണങ്ങളാൽ ഭക്ഷണത്തിനു പ്രയാസപ്പെടുന്ന സഹജീവികൾക്കായി ബഹ്‌റൈൻ കേരളീയ സമാജം അക്ഷയപാത്രം എന്ന പദ്ധതി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ചകളിൽ സമാജം കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സമാജം അംഗങ്ങളും സഹകാരികളും സ്വന്തം നിലക്ക് വീട്ടിൽ തയ്യാറാക്കുന്ന പൊതിച്ചോറ് ബഹ്‌റൈൻ കേരളീയ സമാജം വളണ്ടിയർമാർ ശേഖരിച്ച് സമാജത്തിൽ എത്തിക്കുയാണ് ചെയ്യുന്നത്. ഇത് ആവശ്യക്കാർക്ക് സമാജത്തിൽ എത്തി വാങ്ങിക്കുകയോ കഴിക്കുകയോ ചെയ്യാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. ഈ പരീക്ഷണം വിജയകരമാണെങ്കിൽ ഭാവിയിൽ ആവശ്യക്കാരുടെ എണ്ണവും താല്പര്യവും പരിഗണി ച്ച് എല്ലാ ദിവസവും ഭക്ഷണവിതരണം സംഘടിപ്പിക്കാനും ആലോചിക്കുന്നതായും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.