ആർ.എസ്.സി മനാമ സോൺ പ്രവാസി സാഹിത്യോത്സവ്: സൽമാനിയ സെക്ടർ ജേതാക്കൾ
പ്രദീപ് പുറവങ്കര/മനാമ
പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക കഴിവുകളെ ധാർമ്മിക മൂല്യങ്ങളിലൂന്നി പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ (RSC) സംഘടിപ്പിച്ച പതിനഞ്ചാമത് മനാമ സോൺ 'പ്രവാസി സാഹിത്യോത്സവ്' ആവേശകരമായി സമാപിച്ചു. സൽമാനിയ അൽ മാജിദ് പ്രൈവറ്റ് സ്കൂളിൽ നടന്ന മത്സരങ്ങളിൽ സൽമാനിയ സെക്ടർ സമഗ്രാധിപത്യം നേടി ജേതാക്കളായി. സൽമാബാദ് സെക്ടർ രണ്ടാം സ്ഥാനവും, ബുദയ്യ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച കലാമേളയിൽ മനാമ സോണിലെ 14 യൂണിറ്റുകളെ പ്രതിനിധീകരിച്ച് നൂറിലധികം പ്രതിഭകൾ വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ചു. പ്രവാസ ലോകത്തെ സർഗ്ഗാത്മക മികവുകൾ വിളിച്ചോതുന്നതായിരുന്നു മത്സരങ്ങൾ.
ആർ.എസ്.സി മനാമ സോൺ ചെയർമാൻ അൽത്താഫ് അസ്ഹരിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഐ.സി.എഫ് സൽമാബാദ് റീജിയൺ പ്രസിഡന്റ് റഹീം സഖാഫി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ ചെയർമാൻ മൻസൂർ അഹ്സനി മുഖ്യപ്രഭാഷണം നടത്തി. വിജയികളെ ഐ.സി.എഫ് മനാമ റീജിയണൽ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ മാമ്പ പ്രഖ്യാപിച്ചു.
ചടങ്ങിൽ രിസാല എഡിറ്റർ വി.പി.കെ മുഹമ്മദ്, യൂസഫ് അഹ്സനി, ബഷീർ ഹിഷാമി ക്ലാരി, ഹംസ ഖാലിദ് സഖാഫി, പി.ടി. അബ്ദുറഹ്മാൻ, അബ്ദുള്ള രണ്ടത്താണി, അഷ്റഫ് മങ്കര, ജാഫർ ഷരീഫ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സോൺ സാഹിത്യോത്സവ് കൺവീനർ അഫ്സൽ ഒറ്റപ്പാലം സ്വാഗതവും ഇർഷാദ് പരപ്പനങ്ങാടി നന്ദിയും രേഖപ്പെടുത്തി.
qdswdssadsa
