ബഹ്‌റൈനിൽ ശൈത്യം കടുക്കുന്നു: താപനില 11 ഡിഗ്രി വരെ താഴാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം
പ്രദീപ് പുറവങ്കര/മനാമ
മനാമ: ബഹ്‌റൈനിൽ ഇന്ന് വൈകുന്നേരം മുതൽ ജനുവരി ഒന്ന് വരെ ശക്തമായ തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രവചനം.
ഡിസംബർ 30, 31 തീയതികളിൽ രാജ്യത്ത് മിതമായതോ ശക്തമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. ഇത് ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും കാരണമായേക്കാം. തീരപ്രദേശങ്ങളിൽ മൂന്ന് അടി വരെയും ഉൾക്കടലിൽ ആറ് അടി വരെയും തിരമാലകൾ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റ് വീശുന്നതോടെ തണുപ്പ് വർധിക്കും. പരമാവധി താപനില 17-19 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 11-13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കാനാണ് സാധ്യത. ജനുവരി മാസത്തിലെ ശരാശരി താപനിലയേക്കാൾ താഴെയാണ് നിലവിലെ കാലാവസ്ഥയെന്ന് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. രാത്രിയിലും പുലർച്ചെയുമായിരിക്കും തണുപ്പ് കൂടുതൽ അനുഭവപ്പെടുക.
കടലിൽ പോകുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന കാലാവസ്ഥാ ബുള്ളറ്റിനുകളും മുന്നറിയിപ്പുകളും കൃത്യമായി പിന്തുടരണമെന്നും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
adsassad
