നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ പേര്‍; 32 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍



കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ പേര്‍. നിലവില്‍ 251 പേരാണ് പട്ടികയിലുള്ളത്. നേരത്തെ ഇത് 188 ആയിരുന്നു. 251 പേരില്‍ 32 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. എട്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവ സാമ്പിളുകള്‍ പരിശോധിച്ച് ഫലം വരുന്നതിനെ അടിസ്ഥാനമാക്കിയാകും തുടര്‍ നടപടികള്‍.
രോഗഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ശേഖരിക്കുന്ന സാമ്പിളുകള്‍ തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്ക് പരിശോധനയക്കായി അയക്കും. ഈ ഫലം അടിസ്ഥാനമാക്കിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. പ്രദേശത്തെ വവ്വാലിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഏത് വിഭാഗത്തില്‍പെടുന്നവയാണെന്ന് അടക്കം കണ്ടെത്തേണ്ടതുണ്ട്.
അതേസമയം നിപ തീവ്രമാകാന്‍ ഇടയില്ലെന്നാണ് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ നിപ വ്യാപനത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെ കേരളത്തിലേക്ക് അയയ്ക്കും. പൂണെ വൈറോളജിയില്‍ നിന്നുള്ള സംഘം സംസ്ഥാനത്ത് എത്തുന്നുണ്ട്. പ്രാദേശികമായി വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed