ഗൗരിയമ്മയുടെ നിര്യാണത്തിൽ പ്രവാസി സംഘടനകൾ അനുശോചിച്ചു

മനാമ: കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായിരുന്ന കെആർ ഗൗരിയമ്മയുടെ വിയോഗത്തിൽ വിവിധ സംഘടനകൾ അനുശോനം അറിയിച്ചു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ പ്രതിസന്ധി കളെയും, പ്രതിബന്ധങ്ങളെയും നേരിട്ട് വിജയിച്ച നേതാക്കളിൽ പ്രമുഖ സ്ഥാനമാണ് കെ ആർ ഗൗരിയമ്മക്ക് എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ അനിശോചന കുറിപ്പിൽ അനുസ്മരിച്ചു. ജനങ്ങളോടൊപ്പം നിൽക്കുവാൻ ആഗ്രഹിച്ച നേതാവ് ആയിരുന്നു കെ ആർ ഗൗരിയമ്മ എന്നും ഒഐസിസി അഭിപ്രായപ്പെട്ടു.
സാധാരണ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനശബ്ദമായി മാറിയ ഗൗരിയമ്മ ജീവിതം തന്നെ സമരമാക്കിയ നേതാവായിരുന്നെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു.അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ കെആർ ഗൗരിയമ്മയുടെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റർ വർക്കിംഗ് പ്രസിഡന്റ് മുഹമ്മദാലിയും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചിച്ചു. മുൻമന്ത്രിയും കേരളം കണ്ട മികച്ച ഭരണതന്ത്രജ്ഞരിൽ ഒരാളുമായിരുന്ന കെ.ആർ ഗൌരിയമ്മയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈനും അനുശോചനം രേഖപ്പെടുത്തി. ധീരയായ പൊതുപ്രവർത്തകയെയാണ് ഗൌരിയമ്മയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നൂ അനുശോചന സന്ദേശത്തിൽ പ്രസിഡൻറ് നിസാർ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.