കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ പുന:സംഘടിപ്പിക്കുന്നു

മനാമ : കോഴിക്കോട് ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികളെ ഉൾപ്പെടുത്തി ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി 4000-ൽ പരം അംഗങ്ങളുമായി 2009- ൽ രൂപീകരിച്ച കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ പുന:സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പുന:രാരംഭിക്കുന്ന സംഘടനയുടെ പ്രധാന ലക്ഷ്യം അംഗങ്ങൾ ആവുന്നവരുടെ പങ്കാളിത്തത്തോട് കൂടി വീടില്ലാത്തവർക്ക് നാട്ടിൽ സ്വന്തമായി ഒരു വീടും വരുമാന മാർഗത്തിനായി ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുക എന്നുള്ളതായിരിക്കും.
ഇതിന്റെ ഭാഗമായി കേരളത്തിൽ സർക്കാർ തലത്തിലും രജിസ്റ്റർ ചെയ്യുന്ന ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ബഹ്‌റൈനിലെയും കേരളത്തിലെയും പ്രമുഖ വ്യക്തിത്വങ്ങളും അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡ് ആയിരിക്കും നിയന്ത്രിക്കുകയെന്നും ഇതുമായി യോജിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികൾക്ക് ജ്യോതിഷ് പണിക്കരുമായി 39091901 എന്ന നമ്പറിലോ ജോണി താമരശ്ശേരിയുമായി 39524045 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.