ഇന്ത്യയിലേയ്ക്ക് സഹായങ്ങളുമായി ബഹ്റൈൻ പ്രവാസികൾ

മനാമ: ഇന്ത്യയിൽ കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതിയുടെ ആഹ്വാനപ്രകാരം ഓക്സിജൻ സിലിണ്ടറുൾക്ക് വേണ്ടി വിവിധ സുമനസ്കരിൽ നിന്ന് സ്വരൂപിച്ച ധനസഹായം ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ഇന്ത്യൻ എംബസിക്ക് കൈമാറി. 280 ഓളം ഓക്സിജൻ സിലിണ്ടറുകൾക്ക് വേണ്ട ഏഴായിരത്തിയഞ്ഞൂറ് ദിനാറാണ് ബഹ്റൈൻ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നെർബു നോഗിക്ക് കൈമാറിയത്. ബഹ്റൈനിലെ യത്തീം ഓക്സിജനിൽ നിന്നാണ് ഓക്സിജൻ സിലിണ്ടറുകൾ ദില്ലിയിലെത്തിക്കുക. ബഹ്റൈനിൽ നിന്ന് ഏറ്റവുമധികം ഓക്സിജൻ സിലിണ്ടറുകൾ നാട്ടിലേയ്ക്ക് അയക്കുന്ന പ്രവാസി സംഘടനയാണ് ബഹ്റൈൻ കേരളീയ സമാജം.
കേരള സർക്കാറിൻ്റെ ആഹ്വാനപ്രകാരം സംസ്ഥാനത്തും സിലിണ്ടർ ലഭ്യത ഉറപ്പു വരുത്താനുള്ള യജ്ഞം കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. അതേസമയം കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് അടിയന്തര ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കുന്നതിന് ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും സഹകരിക്കുമെന്ന് ഗൾഫ് എയർ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കാപ്റ്റൻ വലീദ് അൽ അലാവി പറഞ്ഞു.
ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളിലും സ്ഥല ലഭ്യതക്കനുസരിച്ച് കാർഗോ കൊണ്ടുപോകുമെന്നാണ് ഗൾഫ് എയർ അറിയിച്ചത്. ഇന്ത്യയിലേക്ക് അടിയന്തര സഹായം എത്തിക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ സംഘടനകൾക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഈ സൗകര്യം പ്രയോജനപ്പെടുത്താം.ഗൾഫ് എയറിന്റെ ഈ പ്രഖ്യാപനത്തെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ അഭിനന്ദിച്ചു.