വ്യാജമരുന്ന് : തട്ടിപ്പ് സംഘം ബഹ്റൈനില്‍ സജീവമാണെന്ന് വ്യാപക പരാതി
മനാമ:
"നിങ്ങള്‍ക്ക് അമിതമായി വയറുണ്ടോ.. കഷണ്ടി നിങ്ങളെ അലട്ടുന്നുണ്ടോ..എങ്കില്‍ ബഹ്റൈനിലെ ഗുദേബിയ ഭാഗത്ത് പോകുമ്പോള്‍ സൂക്ഷിക്കുക". ഈ ഒരു മുന്നറിയിപ്പുമായി നിരവധി ബഹ്റൈന്‍ പ്രവാസികളാണ് ഇപ്പോള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഈ സംഘത്തെ പറ്റി കുറച്ച് കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്. നേരത്തേ മനാമയില്‍ നടന്നിരുന്ന തട്ടിപ്പാണ് ഇപ്പോള്‍ ഗുദേബിയയിലേയ്ക്ക് മാറിയിരിക്കുന്നത്. പാകിസ്താൻ സ്വദേശികളാണ് തട്ടിപ്പിന് പിന്നിൽ എന്ന് ഇരകളായവർ പറയുന്നു.
ഗുദേബിയയില്‍ യൂണിവേഴ്സല്‍ ഫുഡ് സെന്‍ററിന്റെ അരികിലൂടെ നടക്കുന്നവരില്‍ അമിതമായ വയറുള്ളവരെയും, കഷണ്ടിയുള്ളവരെയും, മുഖത്ത് പാടുള്ളവരെയുമാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. ഇത്തരം ആളുകളെ കണ്ടാല്‍ ഈ പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവിടെയുള്ള ഒരു ചെറിയ ആയുര്‍വേദ കടയിലേയ്ക്ക് ഇവര്‍ ഉപഭോക്താവിനെ കയറ്റും. ഇസാബ്ഗൂൾ എന്ന ഒരു ദിനാറിന്റെ മരുന്നാണ് ആദ്യം പരിചയപ്പെടുത്തുക. വയർ ശുദ്ധീകരിക്കാൻ വേണ്ടി പലയിടത്തും ലഭിക്കുന്ന ഒരു മരുന്നുകൂടിയാണ് ഇത്. വില കുറവായത് കാരണം മിക്കവരും ഇത് വാങ്ങും. ഇതിന് ശേഷം കടയിലെ ജീവനക്കാരൻ ഉടനെ മറ്റൊരു മരുന്നിന്റെ കാര്യം പറയും.
അക്സീര്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ആദ്യം വാങ്ങിയ മരുന്നിന്റെ ഫലം പൂര്‍ണമായി കിട്ടണമങ്കില്‍ ഇതു കൂടി കഴിക്കണമെന്ന് പറയും. ഈ വിശദീകരണത്തിനിടയിൽ തന്നെ പലതരം പൊടികൾ പല രീതിയില്‍ കടയിലെ ജീവനക്കാരന്‍ മിക്സ് ചെയ്യും. ഒടുവില്‍ ഇതിന്റെ ആറ് ടേബിള്‍ സ്പൂണ്‍ ഒരു പാക്കറ്റിലാക്കി ഉപഭോക്താവിനോട് ഇരുപത് ദിനാര്‍ ആവശ്യപ്പെടും. ഇത്രയും പണം തരാനില്ലെന്ന് പറഞ്ഞാല്‍ ഉടനെ ഭീഷണി ആരംഭിക്കും. അപ്പോഴേക്കും കടയുടെ പുറത്ത് രണ്ട് പേര്‍ സെക്യൂരിറ്റിയായി എത്തിയിരിക്കും. മരുന്നിന്റെ ഒരു ടേബിള്‍ സ്പൂണിന് നാല് ദിനാറാണ് വിലയെന്നും അതില്‍ നിന്ന് വിലകിഴിവ് നല്‍കിയാണ് ഇരുപത് ദിനാറിന് നല്‍കുന്നതെന്നും പറഞ്ഞ് വിലപേശി തുടങ്ങുന്ന കടയിലെ ജീവനക്കാരന്‍ ഉപഭോക്താവിനെ കൊണ്ടുവന്നയാളെയും ഒത്തുക്കളിയുടെ ഭാഗമായി കുറ്റപ്പെടുത്തും. ഒടുവില്‍ പ്രശ്നം ഗുരുതരമാകേണ്ട എന്ന് കരുതി കൈയില്‍ ഉള്ള തുക കടക്കാരന് നല്‍കി രക്ഷപെടേണ്ട ഒരവസ്ഥയാണ് ഉപഭോക്താവിന് ഉണ്ടാവുക.
ഇതേ പ്രശ്നം നേരത്തേ മനാമയിലുണ്ടായപ്പോള്‍ പോലീസ് അധികാരികള്‍ ഇടപ്പെട്ട് അത് നിര്‍ത്തിച്ചിരുന്നു. സമാനമായ സാഹചര്യം ഇവിടെയുമുണ്ടാകണമെന്നാണ് തട്ടിപ്പിന് ഇരയാകേണ്ടി വന്നവരുടെ ആവശ്യം.

