കോവിഡ് ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി
മനാമ
കോവിഡ് പ്രതിരോധനടപടകളില്‍ ആരും തന്നെ അലംഭാവം കാണിക്കരുതെന്നും, ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച കാര്യങ്ങള്‍ അതേപടി പാലിക്കണമെന്നും ബഹ്റൈന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആഹ്വാനം ചെയ്തു. ആഘോഷചടങ്ങുകളിലും പരമാവധി ആളുകളെ കുറക്കണമെന്നും, കോറോണ വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ സാഹചര്യത്തില്‍ മുന്‍കരുതലെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.വാക്സിനേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് വേണ്ടവിധത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ പോലും വൈറസ് നമ്മുടെ ഇടയില്‍ സജീവമായി തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് ആരംഭിച്ച കാലത്ത് കോവിഡ് മാനദണ്ഠങ്ങള്‍ പാലിക്കാതെ ഒത്തു കൂടിയതിന് പതിനേഴ് പേര്‍ക്ക് ആയിരം ദിനാര്‍ പിഴയും, നാല് പേര്‍ക്ക് മൂന്ന് മുതല്‍ 12 മാസം വരെ ജയില്‍ ശിക്ഷയും ഇന്നലെ ലോവര്‍ ക്രിമിനല്‍ കോടതി വിധിച്ചു. അഞ്ച് പേരിൽ കൂടുതൽ പേർ ഒത്തു കൂടിയതിനാലാണ് ഇവർ പിടിയിലായത്.
