ഇന്ത്യൻ വിദേശകാര്യ മന്ത്രി ബഹ്റൈനിൽ
മനാമ:
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ സുബ്രമണ്യം ജയശങ്കർ ഇന്നലെ വൈകുന്നേരം ബഹ്റൈൻ സമയം നാലരയോടെ ബഹ്റൈനിലെത്തി. അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള വിദേശാകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമദ് അൽ ഖലീഫ ഇന്ത്യൻ വിദേശകാര്യമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തി. ഇന്നലെ വൈകുന്നേരം അദ്ദേഹം ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടികാഴ്ച്ച നടത്തി.
ഇന്ന് അദ്ദേഹം ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫയുടെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനം നേരിട്ട് അദ്ദേഹം ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, പ്രധാനമന്ത്രിയും കിരിടാവകാശിയമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും അറിയിക്കും. വിദേശകാര്യമന്ത്രിയായതിന് ശേഷം ഡോ എസ് ജയശങ്കർ ഇതാദ്യമായാണ് ബഹ്റൈനിലെത്തുന്നത്. നേരത്തേ സുഷമാ സ്വരാജ് വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ ബഹ്റൈനുമായി വലിയ ബന്ധമാണ്് അവർ കാത്ത് സൂക്ഷിച്ചത്. പുതിയ വിദേശകാര്യമന്ത്രിയും അതേ നിലപാട് പിന്തുടരുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് വൈകുന്നേരം അദ്ദേഹം യു എ ഇയിലേയ്ക്ക് പോകും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡ കഴിഞ്ഞ വർഷം ആഗസ്ത് മാസം ബഹ്റൈൻ സന്ദർശനം നടത്തിയിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു മന്ത്രി തല സന്ദർശനം ബഹ്റൈനിലേയ്ക്ക് ഉണ്ടാവുന്നത്.

