സി. മോയിൻകുട്ടി ജനകീയനായ നേതാവ്: പി.കെ.കെ ബാവ
മനാമ:
അന്തരിച്ച മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സി. മോയിൻകുട്ടി എല്ലാകാലത്തും ജനങ്ങൾക്കുവേണ്ടി നിലകൊണ്ട ജനകീയ നേതാവായിരുന്നെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കെ ബാവ പ്രസ്താവിച്ചു. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സി. മോയിൻകുട്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച വാഗ്മിയായിരുന്ന അദ്ദേഹം ജനങ്ങൾക്ക് മുന്‍പിൽ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിവുള്ള നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈബർ വിങ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ഓൺലൈന്‍ സംഗമത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അനുസ്മരണ പ്രഭാഷണം നടത്തി. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന് ഏറെ ശ്രദ്ധകാണിച്ച നേതാവായിരുന്നു മോയിൻകുട്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. സംഗമത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം, എസ്.വി ജലീൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, ഷാജഹാൻ പരപ്പന്‍പൊയിൽ എന്നിവർ സംസാരിച്ചു. ഈർഷാദ് കണ്ണൂർ ഖിറാഅത്ത് പാരായണവും കെ.പി മുസ്തഫ സ്വാഗതവും എം.എ റഹ്മാൻ നന്ദിയും പറഞ്ഞു. പി.കെ ഇസ്ഹാഖ് പരിപാടി നിയന്ത്രിച്ചു.

