കൊൽക്കത്ത ദുർഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം19 ആയി; സംഘാടകര് കസ്റ്റഡിയില്
ഷീബ വിജയൻ
കൊൽക്കത്തയിലെ ശാരദാ പാർക്കിൽ ദുർഗാ പൂജ ആഘോഷങ്ങൾക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ ദാരുണമായി മരണപ്പെട്ടു. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റ 35 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. ശക്തമായ മഴ പെയ്തപ്പോൾ ആളുകൾ ഒരേസമയം തിക്കിത്തിരക്കി കയറിയതാണ് പന്തലിന്റെ ഒരു ഭാഗം തകർന്നുവീഴാൻ കാരണം. പ്രവേശന കവാടവും പുറത്തുകടക്കുന്ന കവാടവും വളരെ ഇടുങ്ങിയതായിരുന്നുവെന്നും അവിടെ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ലെന്നും ആക്ഷേപങ്ങളുയർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൂജ ആഘോഷങ്ങളുടെ സംഘാടകരുൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപയും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊൽക്കത്തയിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
swadsads

