കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം ‘പൂവിളി 2026’ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ (KDPA) സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ‘പൂവിളി 2026’ ഒക്ടോബർ 16 വെള്ളിയാഴ്ച ബി.എം.സി ഹാളിൽ വെച്ച് വിവിധ കലാപരിപാടികളോടും വിഭവസമൃദ്ധമായ ഓണസദ്യയോടും കൂടി വിപുലമായി ആഘോഷിച്ചു.
അസോസിയേഷൻ സെക്രട്ടറി നിജിൽ രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ഹർഷ ശ്രീഹരി അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ.ജി. ബാബുരാജ് നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ മികച്ച സേവനങ്ങൾ മുൻനിർത്തി കെ.ജി. ബാബുരാജിനെ അസോസിയേഷൻ പ്രസിഡന്റ് എം.ടി. വിനോദ് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.
കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് അസോസിയേഷൻ ട്രഷറർ മുരളീകൃഷ്ണൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ കൺവീനർ രവീന്ദ്രൻ, കോർഡിനേറ്റർമാരായ സിന്ധു രജനീഷ്, ലിബീഷ് വെള്ളുക്കൈ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. അംഗങ്ങളുടെയും സ്പോൺസർമാരുടെയും പൂർണ്ണ സഹകരണത്തോടെ സംഘടിപ്പിച്ച ഈ ആഘോഷം പ്രവാസികൾക്കിടയിലെ സൗഹൃദവും കൂട്ടായ്മയും കൂടുതൽ ഉറപ്പിച്ചു.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സ്നേഹവും ഒരുപോലെ വിളിച്ചോതിയ ‘പൂവിളി 2026’ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും സഫലമായ ഏടായി മാറി.
്േിാേ്ി

