പ്രവാസികൾക്കായുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒക്ടോബർ 31-ന് ബഹ്റൈനിൽ നിലവിൽ വരും


പ്രദീപ് പുറവങ്കര

മനാമ: പ്രവാസികൾക്കായുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒക്ടോബർ 31-ന് ബഹ്റൈനിൽ ഔദ്യോഗികമായി നിലവിൽ വരും. പദ്ധതിയുടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ സ്ഥിരീകരിച്ചു. ബഹ്‌റൈന്റെ ആരോഗ്യമേഖലയുടെ വികസനത്തിലും പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തിലും ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബർ 31ന് ആരംഭിക്കുന്ന ഈ സമഗ്ര ഇൻഷുറൻസ് സംവിധാനത്തിലൂടെ പ്രവാസികൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. എന്നാൽ, ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ബഹ്‌റൈൻ പൗരന്മാർക്ക് നൽകിവരുന്ന സൗജന്യ ആരോഗ്യ സേവനങ്ങളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും, പൗരന്മാർക്കുള്ള സേവനങ്ങളുടെ നിലവാരവും കാര്യക്ഷമതയും ഇനിയും ഉയർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അർഹരായ പ്രവാസികൾക്ക് പ്രാഥമിക, സെക്കൻഡറി ആരോഗ്യ സംരക്ഷണം, അത്യാഹിത വിഭാഗം ചികിത്സ, അപകടങ്ങൾക്കായുള്ള പരിരക്ഷ എന്നിവ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ലഭിക്കും. കൂടാതെ, കൂടുതൽ വിപുലമായ പരിരക്ഷ ആഗ്രഹിക്കുന്ന തൊഴിലുടമകൾക്കും ഗുണഭോക്താക്കൾക്കും അധിക ഇൻഷുറൻസ് പാക്കേജുകളും ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, ഗാർഹിക തൊഴിലാളികളെയും സർക്കാർ ജീവനക്കാരെയും അവരുടെ ആശ്രിതരെയും ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എസ്.സി.എച്ച് ചെയർമാൻ വ്യക്തമാക്കി.

തൊഴിൽ, റസിഡൻസ് പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നത് വഴി സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്നും, ഇത് രാജ്യത്തെ ആരോഗ്യമേഖലയുടെ സുസ്ഥിര വികസനത്തിന് കരുത്തുപകരുമെന്നും ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

#4PMNews #BahrainHealth #HealthInsurance #BahrainExpats

article-image

ggfghgfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed