യാത്രയയപ്പ് നൽകി
മനാമ:
ദീർഘകാല പ്രവാസജീവിതം മതിയാക്കി, നാട്ടിലേക്ക് പോകുന്ന ദാമു കോറോത്തിനും, രഞ്ജിത്ത് പൊടിക്കാരനും വടകര സഹൃദയവേദി യാത്രയയപ്പ് നൽകി. വടകര സഹൃദയ വേദിയുടെ പ്രാരംഭകാലം മുതൽ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്ന രണ്ടുപേരും സംഘടന നടത്തിയ വടകര മഹോത്സവം ഉൾപ്പെടെ ഒട്ടു മിക്ക പരിപാടികളിലും അരങ്ങിലും അണിയറയിലും ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളാണ് എന്ന് സംഘടനയുടെ മുതിർന്ന നേതാക്കൾ യാത്രയയപ്പ് യോഗത്തിൽ അഭിപ്രായപ്പെട്ടു.
സംവിധായകൻ, രംഗപടം, ചമയം എന്നിവയിലെല്ലാം പ്രാവീണ്യം തെളിയിച്ച ദാമു കോറോത്ത് വടകര സഹൃദയവേദിയിൽ മാത്രമല്ല ഇന്ത്യൻ ക്ലബ്ബ്, ബഹ്റൈൻ കേരളീയ സമാജം തുടങ്ങി മിക്ക കലാ സാംസ്കാരിക കേന്ദ്രങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ട് ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ച രഞ്ജിത്ത് പൊടിക്കാരനും നിരവധി ഷോർട്ട് ഫിലിംമുകളും, സ്കിറ്റുകളും നിർമ്മിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
കോവിഡിന്റെ സാഹചര്യത്തിൽ വടകര സഹൃദയ വേദിയുടെ നിർവാഹക സമിതിയും പ്രവർത്തക സമിതിയും മാത്രമാണ് യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചത്. പ്രസിഡണ്ട് സുരേഷ് മണ്ടോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽസെക്രട്ടറി വിനീഷ് എം.പി സ്വാഗതം പറഞ്ഞു. ട്രഷറർ ഷാജി വളയം, രക്ഷാധികാരികളായ ആർ.പവിത്രൻ, രാമത്ത് ഹരിദാസ്, കെ.ആർ ചന്ദ്രൻ, ശിവദാസ്, എം ശശിധരൻ, ദേവീസ് ബാലകൃഷ്ണൻ, ശിവകുമാർ കൊല്ലറോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡണ്ട് അഷ്റഫ് എൻ.പി നന്ദി രേഖപ്പെടുത്തി. കലാവിഭാഗം സെക്രട്ടറി എം.സി പവിത്രൻ പരിപാടികൾ നിയന്ത്രിച്ചു.

