ബംഗ്ലാദേശി പൗരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർക്ക് ബഹ്റൈനിൽ മൂന്ന് വർഷം തടവ്
പ്രദീപ് പുറവങ്കര
മനാമ: തങ്ങൾക്ക് വ്യാജമദ്യം വിറ്റ് വഞ്ചിച്ചുവെന്നാരോപിച്ച് ബംഗ്ലാദേശി പൗരനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ജനറൽ മാനേജർക്കും സെക്യൂരിറ്റി ജീവനക്കാരനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ഹൈക്കോടതിയാണ് ബഹ്റൈൻ പൗരന്മാരായ പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. ബാറുകളിലേക്കും നൈറ്റ്ക്ലബുകളിലേക്കും മദ്യം വിതരണം ചെയ്യുന്ന ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരാണ് പ്രതികളായ 32-നും 46-നും വയസ്സുള്ള ഇവർ.
കഴിഞ്ഞ ജൂലൈ അവസാനമാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൈറ്റ്ക്ലബുകളിൽ വിതരണം ചെയ്യുന്നതിനായി രണ്ടാം പ്രതിയായ ജനറൽ മാനേജർ ഒന്നാം പ്രതിയോട് മദ്യം വാങ്ങിപ്പിക്കാൻ ആവശ്യപ്പെടുകയും നൂറ് ബഹ്റൈനി ദിനാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ, എത്തിച്ച മദ്യം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ പ്രതികാര നടപടിയിലേക്ക് കടക്കുകയായിരുന്നു.
ഫ്ലെക്സി വിസയിൽ ബഹ്റൈനിൽ കെയർ വാഷറായി ജോലി ചെയ്യുന്ന 34 കാരനായ ബംഗ്ലാദേശി യുവാവാണ് ആക്രമണത്തിന് ഇരയായത്. പുലർച്ചെ രണ്ടരയോടെ ഹൂറയിൽ വെച്ച് പ്രതികൾ സഞ്ചരിച്ച വാഹനം യുവാവിന്റെ അടുത്തെത്തുകയും, അതിലൊരാൾ പുറത്തിറങ്ങി യുവാവിനെ ബലമായി കാറിനുള്ളിലേക്ക് വലിച്ചിഴച്ചുകയറ്റുകയുമായിരുന്നു. തുടർന്ന് ഫോൺ പിടിച്ചുവാങ്ങുകയും, പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് അതിലുണ്ടായിരുന്ന 500 ദിനാർ കവരുകയും ചെയ്തു. പോലീസിൽ ഏൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ശേഷം യുവാവിനെ വീണ്ടും ഹൂറയിൽ തന്നെ ഇറക്കിവിടുകയായിരുന്നു.
സംഭവത്തിന് ശേഷം ഇരയായ യുവാവ് പോലീസിൽ പരാതി നൽകുകയും, തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയും ചെയ്തു. ഉപയോഗിച്ച കാർ പ്രതിയുടെ അമ്മയുടെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തി. തങ്ങൾ വ്യാജമദ്യ വിൽപ്പനയ്ക്ക് ഇരയാവുകയാണുണ്ടായതെന്നും, പണം തിരികെ വാങ്ങി മടക്കിനൽകുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. എന്നാൽ നിയമം കയ്യിലെടുത്ത ഇരുവരുടെയും പ്രവൃത്തി കുറ്റകരമാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
#4PMNews #BahrainNews #CrimeNews #ManamaCourts
asassad

