യൂറോപ്പിൽ നിന്നുള്ള സംശയാസ്പദമായ പാഴ്സൽ; വൻ ലഹരിമരുന്ന് ശേഖരം കണ്ടെടുത്ത് ബഹ്‌റൈൻ കസ്റ്റംസ്


പ്രദീപ് പുറവങ്കര

മനാമ: യൂറോപ്യൻ രാജ്യത്ത് നിന്ന് എയർ കാർഗോ വഴി എത്തിയ സംശയാസ്പദമായ പാഴ്സൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വൻ മയക്കുമരുന്ന് ശേഖരവുമായി ബഹ്‌റൈനിൽ യുവാവ് പിടിയിലായി. പാഴ്സലിൽ ഒളിപ്പിച്ച നിലയിൽ 2.07 കിലോഗ്രാം തൂക്കം വരുന്ന ദ്രാവക രൂപത്തിലുള്ള ലഹരിമരുന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ആദ്യം കണ്ടെത്തിയത്.

വിവര ലഭ്യതയെ തുടർന്ന് എയർ ഷിപ്പ്‌മെന്റ് പരിശോധിച്ച് പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഷിപ്പിംഗ് കമ്പനിയുമായി സഹകരിച്ച് പാഴ്സലിലെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പാഴ്സൽ കൈപ്പറ്റാനായി ഉദ്യോഗസ്ഥർ നിശ്ചയിച്ച സ്ഥലത്തെത്തിയ പ്രതി, ഡെലിവറി ഫോമിൽ ഒപ്പിട്ട ഉടൻ സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ വിശദമായ തിരച്ചിലിൽ 4.366 കിലോഗ്രാം തൂക്കം വരുന്ന ലഹരിമരുന്ന് അടങ്ങിയ 146 ഗ്ലാസ് കുപ്പികളും 13 കാർട്ടണുകളും കണ്ടെടുത്തു. കൂടാതെ ലഹരിമരുന്ന് ലായനിയിൽ മുക്കിയ 26 പേപ്പർ റാപ്പുകൾ (13.9 ഗ്രാം), ഉപയോഗിച്ച മെഡിക്കൽ സിറിഞ്ച്, വിവിധ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ എന്നിവയും ഇയാളുടെ താമസസ്ഥലത്തുനിന്ന് പോലീസ് പിടിച്ചെടുത്തു.

പോലീസ് അന്വേഷണത്തെയും പരിശോധനകളെയും വെട്ടിച്ച് തപാൽ പാഴ്സലുകൾ വഴി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയിരുന്നതായി പബ്ലിക് പ്രൊസിക്യൂഷൻ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. വിദേശത്തുനിന്ന് എത്തിക്കുന്ന ലഹരിവസ്തുക്കൾ ചെറിയ അളവുകളിലാക്കി മാറ്റിയാണ് സാമ്പത്തിക ലാഭത്തിനായി വിറ്റഴിച്ചിരുന്നതെന്നും പിടിച്ചെടുത്ത പാഴ്സൽ ഓർഡർ ചെയ്തത് താൻ തന്നെയാണെന്നും ഇയാൾ മൊഴി നൽകി.

#4PMNews #BahrainNews #DrugSeizure #BahrainCustoms

article-image

asdadsdsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed