നേരായ സമൂഹ സൃഷ്ടിക്ക് തൗഹീദ് നിദാനം: എം.എം അക്ബർ

മനാമ: ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ വ്യക്തികളിലൂടെ നേരായ സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമെന്നും ഇസ്‌ലാം മുന്നോട്ട് വെക്കുന്ന പ്രബോധനത്തിന്റെ കാതൽ തൗഹീദ് ആണെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും കേരള നിച് ഓഫ് ട്രൂത്ത്ഡയരക്ടറുമായ എം.എം അക്ബർ പറഞ്ഞു. ബഹ്റൈനിലെഅൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം, എന്ന ശീർഷകത്തിൽ നടന്നു വരുന്ന ത്രൈമാസ ഓൺലൈൻ ക്യാന്പയിന്റെ ഉദ്ഘാടന സെഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലിക പ്രസക്തവും ഇസ്ലാമിന്റെ അടിസ്ഥാന പ്രബോധന വിഷയവുമാണ് ക്യാന്പയിന്റെ ശീർഷകമെന്ന് ഉദ്ഘാടനം നിർവഹിച്ച അൽ ഫുർഖാൻ സെന്റർ ജനറൽ മാനേജർ ഷെയ്ഖ് മുസഫർ ഇഖ്ബാൽ മീർ പറഞ്ഞു.
അസൈനാർ കളത്തിങ്കൽ, അബ്ദുൽമജീദ് തെരുവത് എന്നിവർ ആശംസകൾ അർപ്പിച്ചു. അൽ ഫുർഖാൻ സെന്റർ പ്രബോധകൻ ഹാരിസുദീൻ പറളി ആമുഖ ഭാഷണം നടത്തി. പ്രസിഡണ്ട് കുഞ്ഞമ്മദ് വടകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സലാഹുദീൻ അഹ്മദ് സ്വാഗതം പറഞ്ഞു.