നീറ്റിൽ നീറി പ്രവാസി വിദ്യാർത്ഥികൾ
മനാമ: ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളിയതോടെ ആശങ്കയിലായിരിക്കുകയാണ് പ്രവാസ ലോകത്തെ വിദ്യാത്ഥികളും രക്ഷിതാക്കളും. പരീക്ഷയെഴുതാൻ നാട്ടിലെത്തുന്ന വിദ്യാർത്ഥികൾ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരും. അതിൽ ഇളവ് വേണമെങ്കിൽ അവർക്ക് സംസ്ഥാന സർക്കാരിനെ സമീപിക്കാമെന്നാണ് സുപ്രീംകോടതി വിധിയിലുള്ളത്. അതത് സംസ്ഥാനസർക്കാരുകൾ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമോ എന്നകാര്യത്തിലും പ്രവാസലോകത്ത് ആശങ്കയുണ്ട്. പ്രവാസജീവിതം നയിക്കുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
ഗൾഫിൽ നിന്ന് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അയ്യായിരത്തിലേറെ വിദ്യാർഥികളാണുള്ളത്. പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ക്വാറന്റീൻ സംവിധാനം ഒഴിവാക്കണം എന്ന ആവശ്യത്തിലും തീരുമാനമാകാത്തത് ഇവരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ ഭീതിയിൽ നിൽക്കുന്പോൾ കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം വേണമായിരുന്നുവെന്ന അഭിപ്രായമാണ് ഭൂരിപക്ഷം രക്ഷിതാക്കൾക്കുമുള്ളത്. വൈകിയവേളയിൽ ഇക്കാര്യത്തിൽ ഉചിതതീരുമാനം ബന്ധപ്പെട്ടവർ കൈക്കൊള്ളുമെന്ന വിശ്വാസത്തിലാണ് വിദ്യാർഥികൾ.
അതേസമയം ഇന്ത്യക്ക് പുറത്തുള്ള ഏകദേശം 16 രാജ്യങ്ങളിൽ സി.ബി.എസ്.ഇ. പരീക്ഷ നടത്തുന്നുണ്ട്. അവിടേക്കുള്ള ചോദ്യപ്പേപ്പറുകൾ അതത് രാജ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് വഴിയാണ് എത്തുന്നത്. ചോദ്യപ്പേപ്പർ എടുക്കുന്നത് മുതലുള്ള ലൈവ് റെക്കോഡിങ് വരെ നടക്കുന്നു. പരീക്ഷകൾ നിയന്ത്രിക്കുന്നതും ഇന്ത്യൻ കോൺസുലേറ്റുകളാണ്. അവരുടെ നിയന്ത്രണത്തിലുമായിരിക്കും ചോദ്യപ്പേപ്പറുകൾ ഉൾപ്പെടെയുള്ളവ. അത്രത്തോളം സുരക്ഷയും സാധ്യതയുമുള്ളപ്പോഴാണ് ഈ രീതിയിൽ തന്നെ ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷയും സുമമായി നടത്താനാകുമെന്ന് വിദ്യാത്ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.

