വ്യാജ തെറാപ്പിസ്റ്റുകൾക്കെതിരെ കർശന നടപടി വേണം: ഡോ. മറിയം അൽ ധായീൻ


പ്രദീപ് പുറവങ്കര

മനാമ: വ്യാജ സർട്ടിഫിക്കറ്റുകളുമായും മതിയായ ക്ലിനിക്കൽ പരിശീലനമില്ലാതെയും തെറാപ്പിസ്റ്റുകളെന്ന വ്യാജേന ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നവരെ തടയണമെന്ന് പാർലമെന്റ് അംഗം ഡോ. മറിയം അൽ ധായീൻ ആവശ്യപ്പെട്ടു. സൈക്കോളജിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ, കൗൺസിലർമാർ, കോച്ചുകൾ, അംഗീകാരമില്ലാത്ത പ്രാക്ടീഷണർമാർ എന്നിവരെ വേർതിരിച്ചറിയാൻ പൊതുജനങ്ങൾക്ക് സാധിക്കണമെന്നും, മാനസികാരോഗ്യ മേഖലയിൽ ചികിത്സ നൽകുന്നവർക്ക് കർശന നിയമങ്ങൾ കൊണ്ടുവരണമെന്നും അവർ വ്യക്തമാക്കി.

അടുത്തിടെ കുവൈറ്റിൽ എടുത്ത സമാനമായ തീരുമാനത്തിന് പിന്നാലെയാണ് ഡോ. മറിയം അൽ ധായീന്റെ പ്രതികരണം. വിഷാദം, ഉത്കണ്ഠ, മാനസിക ആഘാതങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയെന്ന പേരിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത രീതികൾ പ്രചരിപ്പിക്കുന്നതിനെതിരെ വലിയ ആശങ്ക ഉയരുന്നുണ്ടെന്ന് ദി ഡെയ്‌ലി ട്രിബ്യൂണിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ചുരുങ്ങിയ കാലയളവിലെ കോഴ്സുകളോ ഓൺലൈൻ സർട്ടിഫിക്കറ്റുകളോ മാത്രം പോരെന്നും, അംഗീകൃത ബിരുദവും മേൽനോട്ടത്തിലുള്ള ക്ലിനിക്കൽ പരിശീലനവും നിർബന്ധമാക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.

റീക്കി ചികിത്സ, അമാനുഷിക ഊർജ്ജമുണ്ടെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയ വഴി വിൽക്കുന്ന പ്രത്യേക തരം രത്നങ്ങൾ, മോതിരങ്ങൾ എന്നിവയുടെ പരസ്യങ്ങൾ എന്നിവയ്ക്കെതിരെയും അവർ മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ അവകാശവാദങ്ങൾ രോഗികൾക്ക് തെറ്റായ പ്രതീക്ഷ നൽകുമെന്നും, കൃത്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിന് തടസ്സമാകുമെന്നും ഡോ. മറിയം അൽ ധായീൻ വ്യക്തമാക്കി.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed