നെഹ്‌റു ട്രോഫി പോസ്റ്ററിൽ പടമില്ല; സംഘാടകർക്കെതിരെ കലിപ്പുമായി കൊടിക്കുന്നിൽ സുരേഷ്
ഷീബ വിജയൻ
ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തുവിട്ട പോസ്റ്ററിലാണ് പേരോ ചിത്രമോ ഇല്ലാത്തത്.
കൊടിക്കുന്നിൽ സുരേഷ് എംപിയായ മാവേലിക്കര ലോക്‌സഭയിലാണ് കുട്ടനാട് ഉൾപ്പെടുന്നത്. ഇവിടെ നിന്നാണ് ഭൂരിഭാഗം ചുണ്ടൻ വള്ളങ്ങളും എത്തുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പോസ്റ്ററിൽ പോലും കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രവും പേരും ഉൾപ്പെടുത്തിയിരുന്നു. പോസ്റ്ററിൽ നിന്നും പേരും ചിത്രവും ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് എംപി.
വള്ളംകളി ദിവസം എംപി വിട്ടു നിന്നേക്കാനും സാധ്യതയുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണുണ്ടായതെന്ന് കൊടിക്കുന്നിൽ സുരേഷിന്റെ അനുകൂലികൾ ആരോപിച്ചു. നേരത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കോൺഗ്രസിൽ ഭിന്നത നിലനിന്നിരുന്നു. പ്രകൃതി ദുരന്തം ബാധിച്ച കുട്ടനാട്ടിലേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മന്ത്രിമാരും നടത്തിയ സന്ദർശനത്തിൽ എംപി പങ്കെടുത്തിരുന്നില്ല.
പിന്നീട് ഒറ്റയ്ക്കാണ് കൊടിക്കുന്നിൽ സുരേഷ് എംപി കുട്ടനാട് സന്ദർശനം നടത്തിയത്. ശനിയാഴ്ചയാണ് 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്.
adssaads

