ശമ്പള കുടിശ്ശിക ; വിദേശി ഫാഷൻ ഡിസൈനർക്ക് 2,300 ദിനാർ നൽകാൻ ലേബർ കോടതി ഉത്തരവ്


പ്രദീപ് പുറവങ്കര

മനാമ: വിദേശിയായ ഫാഷൻ ഡിസൈനർക്ക് ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുമായി 2,300 ബഹ്റൈനി ദിനാർ നൽകാൻ വനിതാ ഫാഷൻ കമ്പനിയോട് ഹൈ ലേബർ കോടതി ഉത്തരവിട്ടു.

2024 നവംബർ 7 മുതൽ 2025 നവംബർ 7 വരെയുള്ള ഒരു വർഷത്തെ കരാറിൽ പ്രതിമാസം 500 ദിനാർ ശമ്പളത്തിലാണ് പരാതിക്കാരി ജോലി ചെയ്തിരുന്നത്. എന്നാൽ മാസങ്ങളോളമുള്ള ശമ്പള കുടിശ്ശിക, അവസാന ഏഴ് ദിവസത്തെ ശമ്പളം, മുൻപ് വെട്ടിക്കുറച്ച 200 ദിനാർ, ഉപയോഗിക്കാത്ത വാർഷിക അവധിയുടെ ആനുകൂല്യം എന്നിവ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.

ഡിസൈനർക്ക് 1,000 ദിനാർ കൈപ്പറ്റിയതിൽ 100 ദിനാർ തിരികെ നൽകിയില്ലെന്നും, ബഹ്റൈന് പുറത്ത് വിൽക്കാനായി നൽകിയ 2,860 ദിനാർ വിലമതിക്കുന്ന പെർഫ്യൂമുകളുടെ പണം തിരികെ നൽകിയില്ലെന്നും കാണിച്ച് കമ്പനി കേസിനെ എതിർത്തു. ഡിസൈനറിൽ നിന്ന് 2,960 ദിനാർ ഈടാക്കണമെന്നും കമ്പനി വാദിച്ചു.

എന്നാൽ ആരോപിക്കപ്പെട്ട സാമ്പത്തിക ബാധ്യതകൾ തെളിയിക്കുന്ന രേഖകളോ തെളിവുകളോ ഹാജരാക്കാൻ കമ്പനിക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. പെർഫ്യൂം നൽകിയതുമായി ബന്ധപ്പെട്ട് സാക്ഷി നൽകിയ മൊഴിയിൽ കരാർ വ്യവസ്ഥകളെക്കുറിച്ചോ പണമിടപാടിനെക്കുറിച്ചോ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തുടർന്ന് കമ്പനിയുടെ വാദങ്ങൾ തള്ളിയ കോടതി, ശമ്പള കുടിശ്ശിക, വൈകിയതിനുള്ള നഷ്ടപരിഹാരം, വാർഷിക അവധി ആനുകൂല്യമായി 500 ദിനാർ, ഒരു ശതമാനം വാർഷിക പലിശ, കോടതി ചെലവുകൾ എന്നിവ പരാതിക്കാരിക്ക് നൽകാൻ ഉത്തരവിട്ടു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed